ബംഗളൂരു; മദ്യപിച്ചു ലെക്കുകെട്ട ഡ്രൈവര്‍ക്കൊപ്പം യാത്ര വേണ്ടന്നുവച്ച യുവാവിനെ ഓട്ടോറിക്ഷ കയറ്റി കൊല്ലാന്‍ ശ്രമം. ബെംഗളൂരു നഗരത്തിലെ എച്ച്എസ്ആര്‍ ലേയൗട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിക്കാണു യാത്രക്കാരനുനേരെ ആക്രമണമുണ്ടായത്. ഓട്ടോ ഒഴിവാക്കി ബൈക്ക് ടാക്‌സി വിളിച്ചതാണു പ്രകോപനത്തിനു കാരണം.
ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തിയതായിരുന്നു അസ്ഹര്‍ ഖാനെന്ന യുവാവ്. താമസ സ്ഥലത്തേക്കു പോകുന്നതിനായാണ് ഓട്ടോ വിളിച്ചത്. പക്ഷേ മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ക്കു കാല്‍ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നു യുവാവ് ട്രിപ്പ് ക്യാന്‍സല്‍ ചെയ്തു. നഗരത്തില്‍ സജീവമായ ബൈക്ക് ടാക്‌സി ബുക്ക് ചെയ്യാന്‍ ശ്രമിച്ചതോടെ ഡ്രൈവറുടെ സ്വഭാവം മാറി. പ്രകോപിതനായി റോഡരികില്‍ നിന്ന യുവാവിനു നേരെ ഓട്ടോ ഓടിച്ചു കയറ്റി.
യുവാവ് റോഡരികിലേക്കു തെറിച്ചു വീണതോടെ ഓട്ടോ നിര്‍ത്താതെ പോയി. സംഭവത്തില്‍ യുവാവ് മടിവാള പൊലീസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ ഡ്രൈവറെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബൈക്ക് ടാക്‌സികള്‍ക്കു നേരെ ബെംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ആക്രമണം പതിവാണ്. ഇത്തരം വാഹനങ്ങളിലെത്തുന്നവരെ കയ്യേറ്റം ചെയ്യുന്നതായും നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
Post a Comment
0 Comments