ആലപ്പുഴ: 20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനിയനെ അതിസാഹസികമായി പൊക്കിയെടുത്ത് രക്ഷിച്ച് എട്ടുവയസ്സുകാരി ദിയ. മാവേലിക്കര മാങ്കാംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന സനല്‍- ഷാജില എന്നിവരുടെ മകള്‍ ദിയ ഫാത്തിമയാണ് കിണറ്റിനടിയില്‍ കൈകാലിട്ടടിച്ച അനുജന്‍ ഇവാനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേര്‍ത്തത്.
ദിയയും അനുജത്തി ദുനിയയും അയയില്‍ ഉണങ്ങാനിട്ടിരുന്ന തുണി എടുക്കുന്നതിനിടെ ഇവരുടെ കണ്ണു വെട്ടിച്ചാണ് കിണറിനടുത്തുള്ള പമ്ബില്‍ ചവിട്ടി ഇരുമ്ബുമറയുള്ള കിണറിനു മുകളില്‍ ഇവാന്‍ കയറിയത്. തുരുമ്ബിച്ച ഇരുമ്ബുമറയുടെ മധ്യഭാഗം തകര്‍ന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ അനിയനെ കണ്ട് കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊര്‍ന്നിറങ്ങി. ഇവാനെ മാറോട് ചേര്‍ത്തുപിടിച്ചു.
അമ്മ ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് രണ്ട് കുട്ടികളെയും കിണറ്റില്‍ നിന്നു പുറത്തെടുത്തത്. ഇവാന് തലയില്‍ ചെറിയ മുറിവേറ്റു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍. ആശങ്ക വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ദിയ വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
Post a Comment
0 Comments