കാസര്‍കോട്: നഗരത്തില്‍ പട്ടാപ്പകല്‍ കരാറുകാരന്റെ അരക്കോടിയിലധികം രൂപ വിലവരുന്ന ഫോര്‍ച്യൂണര്‍ കാറിന് താക്കോല്‍ കൊണ്ട് ചുരണ്ടി കേടുവരുത്തിയതായി പരാതി. സംഭവത്തില്‍ യുവാവ് സിസിടിവിയില്‍ കുടുങ്ങി. ചെര്‍ക്കള സ്വദേശിയായ കരാറുകാരന്റെ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറാണ് സ്വിഫ്റ്റ് കാറിലെത്തിയ യുവാവ് താക്കോല്‍ കൊണ്ട് ചുരണ്ടി കേടുവരുത്തിയതായി പരാതിയുള്ളത്. കാറിന്റെ സൈഡ് ഭാഗത്ത് ഫോണില്‍ സംസാരിക്കുന്ന രീതിയില്‍ യുവാവ് താക്കോല്‍ കൊണ്ട് ബോധപൂര്‍വം ചുരണ്ടി കേടുവരുത്തുകയായിരുന്നുവെന്നാണ് പരാതി.
റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് തൊട്ടടുത്ത സ്ഥാപനത്തിലേക്ക് പോയതായിരുന്നു കരാറുകാരന്‍. വണ്ടിയോടിച്ചിരുന്ന ഫോര്‍ച്യൂണര്‍ കാറിന്റെ ഡ്രൈവറും കരാറുകാരന്‍ വരുന്നത് വരെ കുറച്ച് അകലെയായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് കാര്‍ ചുരണ്ടി കേടുവരുത്തിയതായി കണ്ടെത്തിയത്. ഉടന്‍ തന്നെ തൊട്ടടുത്ത കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് കാര്‍ ചുരണ്ടുന്നതായി വ്യക്തമായത്.
ഇതേയുവാവ് പിന്നീട് തൊട്ടടുത്തുള്ള എംജി റോഡിലെ ട്രെന്‍ഡ്‌സ് വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് പോയത്. ഇവിടെ നിന്ന് തുണികള്‍ അടക്കം പരിശോധിച്ചെങ്കിലും പര്‍ചേസ് ഒന്നും നടത്തിയിട്ടില്ലെന്ന് കടയിലെ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. ഇവിടെ യുവാവ് മുക്കാല്‍ മണിക്കൂറോളം ചെലവഴിച്ചതായും പിന്നീട് സ്വിഫ്റ്റ് കാറില്‍ തന്നെ തിരിച്ചുപോകുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളുടെ കൂടെ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നോ എന്ന കാര്യവും സിസിടിവിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post a Comment
0 Comments