കാസര്‍കോട്: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടി. ട്രെയിന്‍ ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ മുതല്‍ സര്‍വീസ് നടത്താനായിരുന്നു തീരുമാനം. കാസര്‍കോടിനെ അവഗണിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളും സമ്മര്‍ദങ്ങളും ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. കാസര്‍കോട് വരെ നീട്ടണമെന്നാവശ്യപ്പെട്ട് എം.പി, എംഎല്‍എമാര്‍ ഉള്‍പ്പടെ ജനപ്രതിനിധികളും വിവിധ സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു.
നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. രണ്ടുഘട്ടമായി ട്രാകുകള്‍ പരിഷ്‌കരിക്കും. ഒന്നരവര്‍ഷത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തില്‍ 130 കിലോമീറ്ററായി വര്‍ധിപ്പിക്കും. വളവുകള്‍ നിവര്‍ത്താന്‍ സ്ഥലമേറ്റടുക്കേണ്ടതിനാല്‍ ഇതിന് കൂടുതല്‍ സമയമെടുക്കും. ഡിപിആര്‍ തയാറായിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാംഘട്ടം രണ്ടുമുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാക്കുമെന്നും മന്ത്രി അറിയിച്ചു.
Post a Comment
0 Comments