ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക നാളെ പുറത്തിറക്കാനിരിക്കവെയാണ് അത്മഹത്യ ഭീഷണി വരെ മുഴക്കി നാടകീയ പ്രതിഷേധവുമായി സീറ്റ് മോഹികള്‍ എത്തിയത്. സീറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ രണ്ടാം പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അന്തിമ അംഗീകാരം നല്‍കും.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും വാര്‍ത്താ സമ്മേളനത്തിനായി ക്വീന്‍സ് റോഡിലുള്ള പാര്‍ട്ടി ഓഫീസില്‍ വന്നിറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിത്. താരികെരെയില്‍ നിന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ എച്ച് എം ഗോപീകൃഷ്ണയ്ക്കും മൊളക്കല്‍ മുരുവില്‍ നിന്ന് യോഗേഷ് ബാബുവിനും സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നേതാക്കളെ വന്ന് പൊതിഞ്ഞു.
എന്നാല്‍ പ്രതിഷേധക്കാരോട് സംസാരിക്കാനോ, സമവായമുണ്ടാക്കാനോ ശ്രമിക്കാതെ ഇരുവരും അകത്തേക്ക് നടന്ന് നീങ്ങി. ഇതോടെയാണ് സീറ്റ് നല്‍കിയില്ലെങ്കില്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് തുടങ്ങിയത്.
Post a Comment
0 Comments