കൊച്ചി: ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാല്‍ ഹരജിക്കാരിന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് നിരീക്ഷിച്ച കോടതി അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നത് എന്നതിനുള്ള തെളിവ് ഹാജരാക്കാന്‍ ഹരജിക്കാരന് സാധിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ബെച്ചു കുര്യനാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഹരജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി ശരി വയ്ക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2016ലെ വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കറന്‍സി കടത്തിയെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അജി കൃഷ്ണന്‍ ഹരജി സമര്‍പ്പിച്ചത്. അതിഥികള്‍ക്കുള്ള ഉപഹാരങ്ങളടങ്ങിയ ബാഗ് ആണ് കൊണ്ടുപോയതെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ മൊഴി.
Post a Comment
0 Comments