Type Here to Get Search Results !

Bottom Ad

മോദിയുടെ കേരളാ പരീക്ഷണങ്ങളില്‍ സി.പി.എമ്മിന് സന്തോഷം


രണ്ടുദിവസമായി കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പര്യടനവും, അതിന് വ്യാപകമായി ലഭിക്കുന്ന സ്വീകാര്യതയും രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി പിഎം. വന്ദേഭാരത്, തിരുവനന്തപുരത്തെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങി 3000 കോടിയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ കേന്ദ്ര പദ്ധതികളെയെല്ലാം സഹര്‍ഷം സ്വാഗതം ചെയ്യുകയും, വന്ദേഭാരത് മാത്രമല്ല കൂടുല്‍ വികസന പദ്ധതികള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞിരുന്നു. കേരളത്തിന്റെ വികസന സ്വപ്നങ്ങളെ സഹായിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്നതില്‍ കേന്ദ്രത്തെ അഭിനന്ദിക്കാനും പിണറായി മറന്നില്ല.

ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൊച്ചിയില്‍ നടത്തിയ ചര്‍ച്ച വലിയ വിജയമായിരുന്നുവെന്നാണ് ബി ജെ പിയും സഭാനേതൃത്വവും ഒരു പോലെ അവകാശപ്പെടുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മാര്‍പ്പാപ്പയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം യു ഡി എഫിനു രാഷ്ട്രീയമായി വളരെ ദോഷം ചെയ്യുമെന്നാണ് സി പി എം കരുതുന്നത്, മുസ്ളിം വിഭാഗം ഏതാണ്ട് പൂര്‍ണമായി ഇപ്പോള്‍ സി പിഎമ്മിനെ അനുകൂലിക്കുന്നത് കൊണ്ട് ബി ജെ പിയുടെ നീക്കം തങ്ങളെ അത്ര കണ്ട് ബാധിക്കില്ലന്ന വിശ്വാസത്തിലാണ് സി പിഎം.

കേരളത്തിലെ മിഡില്‍ ക്ളാസ് സമൂഹത്തെയാണ് ബി ജെ പി ലക്ഷ്യം വെയ്കുന്നത്. വികസന പദ്ധതികളില്‍ ഊന്നിയും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധന പോലുള്ള കാര്യങ്ങള്‍ മുന്‍തൂക്കം കൊടുത്തും അവരെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ബി ജെ പി കരുതുന്നത്. കാര്‍ഷിക മേഖലയില്‍ കൂടുതലുമുള്ളത് ക്രൈസ്തവ വിഭാഗങ്ങളാണ്. അവരാണ് മിഡില്‍ ക്ളാസ് സമൂഹത്തില്‍ കൂടതലും. ഹിന്ദു മുന്നോക്ക വിഭാഗങ്ങളും ക്രൈസ്തവരും ചേര്‍ന്നാല്‍ കേരളത്തിലെ മൊത്തം മിഡില്‍ ക്ളാസിന്റെ 60 ശതമാനത്തിലധികം വരും. ഇവരെ കയ്യിലെടുക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇന്നലെയും ഇന്നുമായി കേരളത്തില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ വിവിധ പരിപാടികളുടെ ആത്യന്തിക ലക്ഷ്യവും അതാണ്.

ഈ നീക്കം രാഷ്ട്രീയമായി തങ്ങളെ ബാധിക്കില്ലന്ന് തന്നെയാണ് സി പി എം ഉറച്ച് വിശ്വസിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പിലെ പോലെ മുസ്ളീം- ഹിന്ദു പിന്നോക്ക വിഭാഗങ്ങളെ അണിനിരത്തിക്കൊണ്ടുള്ള രാഷ്ട്രീയ തന്ത്രം തന്നെയാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും സി പി എം കൈക്കൊളളുക. അത് കൊണ്ട് തന്നെ ബി ജെ പിയുടെ കേരളത്തിലെ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ സി പി എമ്മിനെ അല്‍പ്പം പോലും അലോസരപ്പെടുത്തുന്നില്ല. സി പിഎമ്മിന്റെ ശക്തികേന്ദ്രങ്ങളെ ബി ജെ പി ലക്ഷ്യമിടുന്നില്ലന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. എക്കാലവും യു ഡി എഫിനൊപ്പം നിന്നിരുന്ന മധ്യ- തെക്കന്‍ കേരളത്തെയാണ് തങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് വേദിയാക്കാന്‍ ബി ജെ പി തിരഞ്ഞെടുത്തിരിക്കുന്നത്. തൃശൂര്‍, ഇടുക്കി, കോട്ടയം, പത്തനം തിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകള്‍ പൊതുവെ യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന ജില്ലകളാണ്. അവിടെയാണ് ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള കൈകോര്‍ക്കലിലൂടെ ബി ജെ പി പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad