ബെയ്ജിങ്: ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തേക്കുള്ള ഇന്ത്യന്‍ കുതിപ്പില്‍ പ്രതികരിച്ച് ചൈന. ആളെണ്ണത്തില്‍ മാത്രമല്ല ഗുണനിലവാരത്തെക്കൂടി ആശ്രയിച്ചാണ് ജനസംഖ്യയുടെ നേട്ടം കണക്കാക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി. രാജ്യത്ത് തൊഴില്‍ വൈദഗ്ധ്യമുള്ള 90 കോടിയോളം പേരുണ്ടെന്നും അത് രാജ്യത്തിന്റെ വികസനത്തിനുള്ള ശക്തമായ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. 'അളവിനെ മാത്രമല്ല, ഗുണനിലവാരത്തെക്കൂടി ആശ്രയിച്ചാണ് ജനസംഖ്യ വര്‍ധനയുടെ നേട്ടം നിലനില്‍ക്കുന്നത്.
ജനസംഖ്യയും ജനങ്ങളുടെ നൈപുണിയും പ്രധാനമാണ്. ചൈനയുടെ ജനസംഖ്യ 140 കോടിയാണ്. അതില്‍ തൊഴില്‍പ്രായത്തിലുള്ള 90 കോടി പേരുണ്ട്. 10.5 ആണ് അവരുടെ വിദ്യാഭ്യാസ ശരാശരി.'-വാങ് വെന്‍ബിന്‍ പറഞ്ഞു. വാര്‍ധക്യ പ്രതിസന്ധി പരിഹരിക്കാനുള്ള സജീവമായ നടപടിക്രമങ്ങള്‍ രാജ്യം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ ജനസംഖ്യാ നേട്ടങ്ങള്‍ ഇല്ലാതായിട്ടില്ലെന്ന് പ്രധാനമന്ത്രി ലി ക്വിയാങ് വ്യക്തമാക്കിയതാണ്. രാജ്യത്തിന്റെ നൈപുണ്യനേട്ടം കുതിച്ചുയരുകയാണ്. വികസനമുന്നേറ്റത്തിനിതു വലിയ പ്രചോദനമാണെന്നും വാന്‍ വെന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments