Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി കൊലക്കേസില്‍ പ്രതിഭാഗ വാദവും പൂര്‍ത്തിയായി; അന്തിമ വിധി ഉടന്‍


കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗ വാദവും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ഇനി അഭിഭാഷകര്‍ തമ്മിലുള്ള വാദ പ്രതിവാദത്തിന് ശേഷം അന്തിമ വിധി ഉടനുണ്ടാകും.

നേരത്തെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു. കേസ് ഈമാസം 24ന് വീണ്ടും പരിഗണിക്കും. അന്ന് അഭിഭാഷകര്‍ തമ്മിലുള്ള വാദപ്രതിവാദം നടക്കും. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 97 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒന്നു മുതല്‍ നാലു വരെയുള്ള പ്രധാന സാക്ഷികള്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഐഡിയ കംപനികളുടെ പ്രതിനിധികള്‍, കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്പിയും ഇപ്പോള്‍ കൊച്ചി മേഖലാ ഡിഐജിയുമായ ഡോ. എ ശ്രീനിവാസന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍, മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ തുടങ്ങി 97 പേരെയാണ് വിസ്തരിച്ചത്.

പ്രതിഭാഗം ഒരു സാക്ഷിയെ ഹാജരാക്കിയിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ ഓഫീസ് സെക്രടറിയെയാണ് പ്രതിഭാഗം വിസ്തരിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകന്‍, അഡ്വ. ഷൈജിത്, അഡ്വ. ഹാറൂണ്‍ എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി തലശേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സുനില്‍ കുമാറാണ് ഹാജരായത്.

2017 മാര്‍ച്ച് 20ന് രാത്രി ചൂരിയിലെ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം താമസ സ്ഥലത്ത് അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ മൂന്നു ദിവസത്തിനകം തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (22), നിധിന്‍ കുമാര്‍ (21), അഖിലേഷ് എന്ന അഖില്‍ (27) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായത് മുതല്‍ പ്രതികള്‍ ജയിലില്‍ തന്നെയാണ്. പ്രതികള്‍ ഹൈകോടതിയെ വരെ ജാമ്യാപേക്ഷയുമായി സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad