ബംഗളൂരു: പത്തു വരിപ്പാതയാക്കിയ ബംഗളൂരു- മൈസൂരു അതിവേഗപാതയുടെ ഉദ്ഘാടനം മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. അന്നേദിവസം പാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് മാണ്ഡ്യ ഡെപ്യൂട്ടി കമീഷണര്‍ എച്ച്.എന്‍. ഗോപാലകൃഷ്ണ അറിയിച്ചു.
മാര്‍ച്ച് 11നാണ് ഉദ്ഘാടനമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മദ്ദൂര്‍ താലൂക്കിലെ ഗെജ്ജാലഗെരെയിലാണ് അതിവേഗപാതയുടെ ഉദ്ഘാടനം നടക്കുക. മാണ്ഡ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ്ഷോയും നടക്കും. ഐ.ബി സര്‍ക്കിളില്‍നിന്ന് സഞ്ജയ് സര്‍ക്കിള്‍വഴി നന്ദ സര്‍ക്കിളിലേക്കാണ് 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്ഷോ നടത്താന്‍ പദ്ധതി. പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മാര്‍ച്ച് 12ന് മൈസൂരുവില്‍നിന്ന് മാണ്ഡ്യ വഴി ബംഗളൂരുവിലേക്കുള്ള വാഹനങ്ങള്‍ മൈസൂരു-ബന്നൂര്‍-കിരുഗാവലു-മലവള്ളി-ഹാലഗുര്‍-കനകപുര വഴിയാണ് പോകേണ്ടത്. ബംഗളൂരുവില്‍നിന്ന് മാണ്ഡ്യ വഴി മൈസൂരുവിലേക്കുള്ള വാഹനങ്ങള്‍ ബംഗളൂരു-ചന്നപട്ടണ-ഹാലഗുര്‍-മലവള്ളി-കിരുഗാവലു-ബന്നൂര്‍ വഴി പോകണം. മൈസൂരുവില്‍നിന്ന് മാണ്ഡ്യ വഴി തുമകൂരുവിലേക്കുള്ള വാഹനങ്ങള്‍ മൈസൂരു-ശ്രീരംഗപട്ടണ-പാണ്ഡവപുര-നാഗമംഗല-ബെല്ലൂര്‍ ക്രോസ് വഴി പോകണം.
തുമകൂരുവില്‍ നിന്ന് മദ്ദൂര്‍- മാണ്ഡ്യ വഴി മൈസൂരുവിലേക്കുള്ള വാഹനങ്ങള്‍ തുമകുരു- ബെല്ലൂര്‍ ക്രോസ്- നാഗമംഗള- പാണ്ഡവപുര- ശ്രീരംഗപട്ടണ വഴിയാണ് പോകേണ്ടത്. ബംഗളൂരുവില്‍നിന്ന് മദ്ദൂര്‍ വഴി കൊല്ലെഗലിലേക്കുള്ള വാഹനങ്ങള്‍ ബംഗളൂരു-ചന്നപട്ടണ-ഹാലഗുര്‍-മലവള്ളി വഴി പോകണം. 9 വലിയ പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍, 64 അടിപ്പാതകള്‍, 11 മേല്‍പാതകള്‍, അഞ്ച് ബൈപാസുകള്‍ എന്നിവയുള്ള മൈസൂരു- ബംഗളൂരു പാത പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ നിലവില്‍തന്നെ ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്.
117 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലൂടെ ബംഗളൂരു മുതല്‍ മൈസൂരു വരെ യാത്ര ചെയ്യാന്‍ പരമാവധി ഒന്നര മണിക്കൂര്‍ മതിയെന്നാണ് ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) വ്യക്തമാക്കുന്നത്. നിലവില്‍ റോഡ് മാര്‍ഗം 3-4 മണിക്കൂര്‍ വരെ സമയം വേണം. ആദ്യഘട്ടത്തില്‍പെട്ട മാണ്ഡ്യ നിദ്ദഘട്ട മുതല്‍ ബംഗളൂരു കെങ്കേരി വരെയുള്ള 56 കിലോമീറ്റര്‍ ദൂരത്തെ പണി 90 ശതമാനവും പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലെ നിദ്ദഘട്ട മുതല്‍ മൈസൂരു റിങ് റോഡ് ജങ്ഷന്‍ വരെയുള്ള 61 കിലോമീറ്റര്‍ ദൂരത്തെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
Post a Comment
0 Comments