കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലുണ്ടായ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദപ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം ഏരിയാസെക്രട്ടറിക്ക് നാലുവര്‍ഷവും മറ്റ് പ്രതികള്‍ക്ക് രണ്ടുവര്‍ഷം വീതവും തടവുശിക്ഷ. സി.പി.എം കുമ്പള ഏരിയാ സെക്രട്ടറി സി.എ സുബൈറിനെയാണ് കാസര്‍കോട് സബ്‌കോടതി നാലുവര്‍ഷം തടവിന് ശിക്ഷിച്ചത്.
കേസിലെ മറ്റ് പ്രതികളായ സിദ്ധിഖ്, കബീര്‍ എന്ന ഹംസ, അബ്ബാസ് ജാഫര്‍ എം, ഷിജു, സി.എം നിസാമുദ്ദീന്‍, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരെ രണ്ട് വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ മൊത്തം എട്ട് പ്രതികളുണ്ടായിരുന്നു. ഒരാള്‍ മരണപ്പെട്ടതിനാല്‍ ഏഴുപേര്‍ക്കാണ് ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.
മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബി.ജെ. പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തി മുസ്ലിംലീഗിലെ പി.ബി അബ്ദുല്‍ റസാഖ് വിജയിച്ചതിനെ തുടര്‍ന്ന് കുമ്പള ടൗണില്‍ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതിനിടെ ലീഗ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരുടെ പരാതിയിലാണ് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തത്.
Post a Comment
0 Comments