Type Here to Get Search Results !

Bottom Ad

ഇന്ധന വിലയിലും കേരളം നമ്പര്‍ വണ്‍; സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ അധികം നല്‍കണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് വിലവര്‍ധന. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയില്‍ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. 

അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയര്‍ന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികള്‍ കാരണമാണ്. ഒരു ലീറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നിലവില്‍ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏര്‍പ്പെടുത്തുന്നത്. ഒരു വര്‍ഷം 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്. 

പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസായി രണ്ടുരൂപ കൂടുമ്പോള്‍ ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. പെട്രോള്‍ ലീറ്ററിന് ഏകദേശം 110 രൂപയും ഡീസലിന് 99 രൂപയുമായി തെലങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോള്‍ മുന്നില്‍. തിരുവനന്തപുരത്ത് ഇപ്പോള്‍ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. രണ്ട് രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോള്‍ വില 110 രൂപയിലേക്കും ഡീസല്‍ വില 99 രൂപയിലേക്കുമെത്തും. ബംഗളൂരുവില്‍ പെട്രോള്‍ വില തിരുവനന്തപുരത്തേക്കാള്‍ ഏകദേശം 7 രൂപ കുറവാണ് (ഇന്നത്തെ വില -101.4). ഡീസല്‍ വിലയിലെ കുറവ് 8.96 രൂപ (87.89). കഴിഞ്ഞ നവംബറില്‍ കര്‍ണാടക വില്‍പന നികുതി കുറച്ചതോടെ വാറ്റ് വിഹിതം 35 ശതമാനത്തില്‍ നിന്ന് 25.9% ആയി കുറച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad