Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രന്‍ അടക്കം പ്രതികള്‍ മെയ് 20ന് ഹാജരാകാന്‍ കോടതി


കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ മെയ് 20ന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോടതി നോട്ടീസ് അയച്ചത്. വിചാരണക്ക് മുമ്പ് മുഴുവന്‍ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.

2023 ജനുവരി 10നാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ് കുമാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫെബ്രുവരി ആറിന് കേസിന്റെ ഫയലുകളും രേഖകളും പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം തുടര്‍നടപടികള്‍ക്കായി മജിസ്‌ട്രേറ്റിന് കൈമാറുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ്് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠറൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികള്‍. ഇതില്‍ സുരേന്ദ്രന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കുകയും ചെയ്തുവെന്നാണ് കേസ്. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്തെങ്കിലും പിന്നീട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad