കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റ ആശുപത്രിയുടെ കണ്ടെയ്നറുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ തീരുമാനമായി. 125 കണ്ടെയ്നറുകളാണ് ഇവിടെയുണ്ടായിരുന്നത്. 30 വര്‍ഷം യാതൊരു കേടുപാടുമുണ്ടാകില്ലെന്ന് പറഞ്ഞ് സ്ഥാപിച്ച കണ്ടെയ്നറുകളാണ് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്നേ പൊളിച്ചടുക്കാന്‍ തീരുമാനിച്ചത്.
ആദ്യവര്‍ഷം തന്നെ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയത് ഉപയോഗിച്ച നിര്‍മാണസാമഗ്രികളുടെ നിലവാരത്തിന്റെ കാര്യത്തിലും സംശയം ഉയര്‍ത്തിയിരുന്നു. ടാറ്റ ആശുപത്രിയുടെ കെട്ടിടം ഇനി ഒരു ചികിത്സാകേന്ദ്രമായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഉള്ളതെന്ന് നേരത്തേ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നുണ്ടെന്നും പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച തറ നാശാവസ്ഥയിലാണെന്നും തീപിടിത്തത്തിനു പോലും സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടാറ്റ നിര്‍മിച്ച കണ്ടെയ്നറുകള്‍ കാസര്‍ഗോഡിന്റെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്തതിനാല്‍ അവ പൂര്‍ണമായും മാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
അതിനിടെ ടാറ്റാ ഹോസ്പിറ്റലിനെ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലായി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് 23 കോടി രൂപ അനുവദിച്ചതായും സി.എച്ച്. കുഞ്ഞമ്ബു എംഎല്‍എ അറിയിച്ചു. കോവിഡ് കാലത്ത് ആരംഭിച്ച കാസര്‍ഗോഡ് ടാറ്റാ കോവിഡ് ഹോസ്പിറ്റല്‍, സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലായി ഉയര്‍ത്തണമെന്ന ആവശ്യം നിയമസഭയില്‍ ഉയര്‍ത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് 50 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം പണിയുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 23 കോടി രൂപ അനുവദിച്ചു.
കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി ഉന്നത നിലവാരത്തിലുള്ള സ്പെഷാലിറ്റി ഹോസ്പിറ്റല്‍ എന്ന നിലക്ക് ഭാവിയില്‍ ഈ ആശുപത്രി മാറും. ടാറ്റാ ആശുപത്രിയില്‍ 188 ഓളം പുതിയ തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. മറ്റു ആശുപത്രികളിലേക്ക് താത്ക്കാലികമായി പുനര്‍വിന്യസിക്കപ്പെട്ട ഈ തസ്തികകള്‍ ആശുപത്രി പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ടാറ്റാ ഹോസ്പിറ്റലിലേക്ക് തന്നെ മാറ്റുമെന്നും എംഎല്‍എ പറയുന്നു.
Post a Comment
0 Comments