Type Here to Get Search Results !

Bottom Ad

എസ്.ടി.യു പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ റിമാണ്ടില്‍


കാസര്‍കോട്: കാര്‍ ഡിവൈഡറിലിടിച്ചതിനെ ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരനായ എസ്.ടി.യു പ്രവര്‍ത്തകനെ പിന്തുടര്‍ന്ന് ചെന്ന് അക്രമിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ രണ്ട് പേര്‍ റിമാണ്ടില്‍. കൂഡ്‌ളു വീവേര്‍സ് കോളനി സ്വദേശിയും മന്നിപ്പാടിയില്‍ താമസക്കാരനുമായ അജയ് കുമാര്‍ ഷെട്ടി എന്ന തേജു (28), അണങ്കൂര്‍ സ്വദേശിയും അഡൂരില്‍ താമസക്കാരനുമായ അഭിഷേക് എന്ന കോഴി അഭി (25) എന്നിവരാണ് റിമാണ്ടിലായത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്. നഗരത്തിലെ ചുമട്ട് തൊഴിലാളിയും എസ്.ടി.യു പ്രവര്‍ത്തകനുമായ പാറക്കട്ടയിലെ സിദ്ദീഖി(26)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നഗരത്തിലേക്ക് ബൈക്കില്‍ ജോലിക്ക് വരുന്നതിനിടെ കറന്തക്കാട് ഭാഗത്ത് കാര്‍ ഡിവൈഡറിലിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിദ്ദീഖ് അന്വേഷിച്ചിരുന്നു. അതിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഇവര്‍ പിന്തുടര്‍ന്നെത്തി കാസര്‍കോട് എം.ജി. റോഡില്‍ വെച്ച് സിദ്ദീഖിന്റെ ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad