കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് വികസനത്തിനും സൗന്ദര്യവത്കരണത്തിനും പുതിയ ടെന്‍ഡറായി. ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തിയാണ് റെയില്‍വേ സ്റ്റേഷന്‍- തായലങ്ങാടി റോഡ് വികസനവും സൗന്ദര്യവല്‍കരണവും നടത്തുന്നത്.
ഇതിനായി അഞ്ചു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൂന്നു വര്‍ഷം മുമ്പ് പിഡബ്ല്യുഡി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും റോഡരികിലെ മരങ്ങള്‍ മുറിക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെ പദ്ധതിയിലുള്‍പ്പെട്ട സ്ഥലത്തെ മരങ്ങള്‍ തങ്ങളുടെ കീഴിലുള്ളതാണെന്ന് റെയില്‍വേ അധികൃതര്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. നടപടികള്‍ നീണ്ടതോടെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെയാണ് ഈ മാസമാദ്യം പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ തുറന്നത്. ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സ്വദേശിയായ സുബിന്‍ ആന്റണി എന്ന യുവ കരാറുകാരനാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
ഈമാസം തന്നെ കരാറില്‍ ഒപ്പിട്ട് മഴയ്ക്കു മുമ്പും മഴക്കാലത്തും ചെയ്യാന്‍ പറ്റുന്ന പ്രവൃത്തികളെല്ലാം പൂര്‍ത്തീകരിച്ച് മഴ കഴിഞ്ഞ ഉടന്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് കരാറുകാരന്‍ വാക്കു നല്‍കിയിട്ടുണ്ടെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്ന ഒരാള്‍ക്ക് ജില്ലയുടെ മനോഹാരിതയും ഭംഗിയും ആസ്വദിക്കാന്‍ ആരംഭത്തില്‍ തന്നെ ആശ നല്‍കാന്‍ കഴിയണമെന്നും റെയില്‍വേ സ്റ്റേഷന്‍ പരിസരവും അനുബന്ധ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള ആശയം അങ്ങനെയാണുണ്ടായതെന്നും എംഎല്‍എ പറഞ്ഞു. ഒരിക്കല്‍ ടെര്‍മിനേറ്റ് ചെയ്ത പ്രവൃത്തിക്ക് വീണ്ടും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കുക അങ്ങേയറ്റം പ്രയാസമായിരുന്നു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാസര്‍കോട് വികസന പാകേജ് സ്പെഷ്യല്‍ ഓഫീസര്‍ രാജ് മോഹന്‍, കലക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശ് എന്നിവര്‍ നല്‍കിയ കലവറയില്ലാത്ത സഹകരണത്തിന്റെയും കരുത്തിന്റെയും ഫലമായാണ് പ്രവൃത്തി വീണ്ടും ടെന്‍ഡര്‍ ചെയ്യാന്‍ സാധിച്ചതെന്നും എന്‍.എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.
ഓരോ മാസാവസാനവും ചേരുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഈ വിഷയം അവതരിപ്പിക്കുമ്പോള്‍ കലക്ടറെടുക്കാറുണ്ടായിരുന്ന ധീരമായ നിലപാട് അഭിനന്ദനീയമാണ്. ആദ്യവസാനം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കലക്ടര്‍ പ്രകടിപ്പിച്ച ആത്മാര്‍ഥതയുടെയും സാങ്കേതികത്വം മാത്രം പറയാന്‍ എണീറ്റ് നില്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന്റെയും ഫലമായാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനും പരിസരവും മിനുങ്ങാന്‍ പോകുന്നത്. സാങ്കേതികത്വം പറഞ്ഞു മുന്നില്‍ വന്നവരെ നേരിടാനും എല്ലാ തടസവാദങ്ങളെയും തട്ടിമാറ്റാനും രാജ്മോഹന്‍ കാണിച്ച ആര്‍ജവം അത്ഭുതകരവും അനുപവുമാണ്. ജനങ്ങളോടാണ് തന്റെ പ്രതിബദ്ധത എന്ന് സംശയാതീതമായി തെളിയിച്ച രാജ്മോഹന് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വേണ്ടി ബിഗ് സല്യൂട് നല്‍കുന്നുവെന്നും എംഎല്‍എ പറഞ്ഞു.
നൂറ് ശതമാനം പ്രവൃത്തി പൂര്‍ത്തീകരിക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരവും റോഡും അവിശ്വസനീയമായ മാറ്റത്തിന് വിധേയമാകുമെന്ന് എന്‍എ നെല്ലിക്കുന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. റോഡ് നവീകരണം, പാര്‍കിംഗ്, ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം, ഡ്രൈനേജ്, നടപ്പാത, ഇന്റര്‍ ലോകിങ് തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടക്കേണ്ടത്. ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്.
Post a Comment
0 Comments