കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പര്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് കളനാട് ടൗണിലാണ് അപകടം. പള്ളിക്കരയിലെ അബ്ദുല്ലയുടെ ഭാര്യ ഹസീന (43), മക്കളായ അബീറ (17), ആമിന (14), പള്ളിക്കരയിലെ ഇബ്രാഹിമിന്റെ ഭാര്യ സുഹ്‌റ (45), ചെമ്മനാട്ടെ അന്‍വറിന്റെ മകള്‍ ആയിശത്ത് ഹിബ (14), ചേറ്റുകുണ്ടിലെ ഫിറോസിന്റെ മകന്‍ ശവായിസ് (13), ചേറ്റുകുണ്ടിലെ ഇഖ്ബാലിന്റെ ഭാര്യ ഗുല്‍സാ ബാനു (51), പൂച്ചക്കാട് തൊട്ടിയിലെ കുട്ട്യന്റെ ഭാര്യ ബേബി (52), പള്ളിക്കരയിലെ സുരേന്ദ്രന്റെ ഭാര്യ ബിന്ദു (41), തൊട്ടിയിലെ ഹരീഷിന്റെ ഭാര്യ സുമലത (44) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ബസിലിടിച്ചതോടെ പിന്നാലെ വന്ന കാര്‍ ലോറിക്കു പിന്നിലും ഇടിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും മേല്‍പറമ്പ് പൊലീസും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാത വഴിയുള്ള ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു.
Post a Comment
0 Comments