Type Here to Get Search Results !

Bottom Ad

എയര്‍ ഹോസ്റ്റസിന്റെ മരണം; കാസര്‍കോട് സ്വദേശിക്കെതിരേ കൊലപാതകത്തിനു കേസ്


മംഗളൂരു: എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന യുവതി ബംഗളൂരുവില്‍ അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ കാമുകന്‍ ആദേശി (26)നെതിരെ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അര്‍ച്ചന ധിമാന്‍ (28) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് അര്‍ച്ചനയെ വീണ നിലയില്‍ കണ്ടെത്തിയത്. ആദേശ് തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് യുവതി താഴെ വീണതായി അറിയിച്ചത്. അര്‍ച്ചനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബംഗളൂരിനും ദുബൈക്കുമിടയില്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയില്‍ ജോലി ചെയ്തിരുന്ന അര്‍ച്ചന നാല് ദിവസം മുമ്പാണ് ആദേശിനെ കാണാന്‍ ബംഗളൂറില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദേശ് ഡേറ്റിംഗ് ആപിലൂടെയാണ് അര്‍ച്ചനയെ പരിചയപ്പെട്ടത്. ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളില്‍ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രാത്രി ഏറെ വൈകിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുകയാണ്. സംഭവസമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad