കാസര്‍കോട്: കുണ്ടംകുഴി ജിബിജി നിധി നിക്ഷേപതട്ടിപ്പ് കേസില്‍ പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്ന നാലു ഡയറക്ടര്‍മാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ ആലംപാടി നാല്‍ത്തടുക്കയിലെ സി. മുഹമ്മദ് റസാഖ്, പിലിക്കോട് മല്ലക്കര വീട്ടില്‍ പി. സുഭാഷ്, മാണിയാട്ട് പുതിയ വളപ്പില്‍ സി.പി പ്രിജിത്ത്, മാണിയാട്ട് പടിഞ്ഞാറെ വീട്ടില്‍ പിവിരാജേഷ് എന്നിവരാണ് ജില്ലാ അഡീഷണല്‍ സെന്‍സ്(മൂന്ന്) കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഫെബ്രുവരി 21ന് ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജിബിജി ചെയര്‍മാന്‍ കുണ്ടം കുഴിയിലെ വിനോദ്കുമാര്‍, ഡയറക്ടര്‍ പെരിയ നിടുവോട്ടു പാറയിലെ ഗംഗാധരന്‍ നായര്‍ എന്നിവരെ മാത്രമാണ് ഈ കേസില്‍ പൊലീസിന് അറസ്റ്റു ചെയ്യാന്‍ സാധിച്ചത്. റിമാണ്ടില്‍ കഴിയുന്ന ഇരുവരു ടെയും ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ആദ്യം നല്‍കിയ ജാമ്യാപേക്ഷയും കോടതി നിരസിച്ചിരുന്നു. ഇതോടെ അഭിഭാഷകര്‍ മുഖേന രണ്ടു പേരും ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയതായാ ണ് സൂചന.കേസില്‍ മറ്റു പ്രതികളായ ഡയറക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് നിക്ഷേപകരുടെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ഇവര്‍ കൂടി അറസ്റ്റിലായാല്‍ മാത്രമേ കേസന്വേഷണത്തില്‍ പുരോഗതിയുണ്ടാവുകയുള്ളൂ.
ഇതിനിടയിലാണ് ഒളിവിലുള്ള ഡയറക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. തട്ടിപ്പിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്ന ഏജന്റുമാര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് തുടങ്ങിയിട്ടുണ്ട്. ജിബിജിയുടെയും വിനോദ് കുമാറിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിട്ടുണ്ട്. അന്വേഷണം ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികളും പുരോഗമിക്കുന്നു.
Post a Comment
0 Comments