കാസര്‍കോട്: ബജറ്റിലെ നികുതിക്കൊള്ളക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 15ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്റ്ററേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും.
ഇടത്പക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്. പെട്രോളിന്റെയും ഡീസലിന്റെ യും വില രണ്ടു രൂപ വര്‍ധിക്കുന്ന തരത്തില്‍ സെസ്സ് ഏര്‍പ്പെടുത്തുക, വെള്ളം, വൈദ്യുതി, വിവിധ നികുതികള്‍ എന്നിവ ഭീമമായി വര്‍ധിപ്പിക്കുക തുടങ്ങി ദൈനംദിന ജീവിതം താളംതെറ്റിക്കുന്ന നടപടികളാണ് ഇടതുപക്ഷ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 22,000 കോടിയിലേറെ രൂപ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ചവരുത്തിയ സര്‍ക്കാറാണ് ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത്.
ജനങ്ങളെ കൊള്ളയടിച്ചതിന് ശേഷം ഇതെല്ലാം ജനങ്ങളുടെ നന്മക്കാണെന്ന് പറയുന്നത് ക്രൂരമായ തമാശയാണ്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വര്‍ധിപ്പിച്ച വില ഉള്‍പ്പെടെ പിന്‍വലിക്കില്ലെന്ന നിലപാട് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതു കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പെട്രോളിനും ഡീസലിനും നിരന്തരം വില വര്‍ദ്ധിപ്പിക്കുന്ന ബിജെപി സര്‍ക്കാരിന്റെ അതേ മനസാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുമുള്ളത്. ഇതിനെതിരായ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചക്ക് കേരളീയ സമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എം.ബി ഷാനവാസ്, സീനിയര്‍ വൈസ് പ്രസിഡന്റ് എം.സി ശിഹാബ്, സെക്രട്ടറി എം.എ നജീബ് പങ്കെടുത്തു.
Post a Comment
0 Comments