കാസര്‍കോട്: നികുതി കൊള്ള ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച് എല്‍ഡിഎഫ് മന്ത്രിസഭ ലക്ഷണമൊത്ത കൊള്ള സംഘമായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ കലക്റ്ററേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പി. ജയരാജന് വില കുറഞ്ഞതെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇ.പി ജയരാജന് വില കുറഞ്ഞത് മാത്രമാണ് സര്‍ക്കാറിന്റെ നേട്ടം. നികുതി വര്‍ധനവിലൂടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടി. നരേന്ദ്ര മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച വില വര്‍ധനവു കാരണം ജനങ്ങള്‍ പ്രയാസത്തില്‍ കഴിയുമ്പോഴാണ് ഇടതു സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ പ്രയാസത്തിലാക്കിയത്. രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാറുകള്‍ നികുതി കുറച്ച് ജനങ്ങളുടെ പ്രയാസം ഇല്ലാതാക്കിയപ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ നികുതിഭാരം ജനങ്ങളുടെ തലയില്‍ കയറ്റിവെക്കുകയാണ് ചെയ്തത്.
ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബരത്തിന് യാതൊരു കുറവുമില്ല. യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ധൂര്‍ത്തടിക്കാന്‍ സര്‍ക്കാര്‍ പണം വാരിക്കോരി നല്‍കുന്നു. സര്‍ക്കാരിന്റെ നികുതി കൊള്ള പിന്‍വലിക്കുന്നതു വരെ യൂത്ത് ലീഗ് തെരുവില്‍ പോരാട്ടം തുടരും. ലാത്തിയും തോക്കും ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചാല്‍ പോലും സമരത്തില്‍ നിന്ന് പിന്‍മാറില്ല. രണ്ടാഴ്ച കാലത്തെ സമരം കണ്ട് സര്‍ക്കാര്‍ കണ്ണ് തുറന്നില്ലെങ്കില്‍ സര്‍ക്കാറിന് ഉറക്കം നഷ്ടപ്പെടുന്ന രീതിയിലേക്ക് സമരം നീങ്ങുമെന്ന് പികെ ഫിറോസ് മുന്നറിപ്പ് നല്‍കി.
പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. എകെഎം അഷ്‌റഫ് എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ടിഡി കബീര്‍, യൂസുഫ് ഉളുവാര്‍, ജില്ലാ ഭാരവാഹികളായ എംബി ഷാനവാസ്, എംസി ശിഹാബ്, എംഎ നജീബ്, ഹാരിസ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, ഹാരിസ് അങ്കക്കളരി, റഫീഖ് കേളോട്ട്, എംപി നൗഷാദ്, എംപി ഖാലിദ്, സിദ്ധീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, ബിഎം മുസ്തഫ, ഹാരിസ് ബെദിര, കാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, സലീല്‍ പടന്ന, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments