കാസര്‍കോട്: മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിനു കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ എംവി വിഷ്ണുപ്രസാദിനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കസ്റ്റഡിയിലെടുത്ത മധൂര്‍ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) ആണ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്ഐയുടെ ചെവി കടിച്ചുമുറിച്ചത്.
മദ്യലഹരിയില്‍ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയില്‍വെച്ച് ഒരു വാനുമായി കൂട്ടിമുട്ടി. അപകടത്തെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിഞ്ഞ് എസ്ഐയും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍നടപടികള്‍ക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്‌ബോഴാണ് പ്രതി അക്രമാസക്തനായത്. തടയാന്‍ ശ്രമിച്ച എസ്ഐയുടെ ചെവി കടിച്ചുമുറിക്കുകയായിരുന്നു. പരിക്കേറ്റ എസ്ഐയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെവിയില്‍ തുന്നിട്ടതിനുശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post a Comment
0 Comments