കൊച്ചി: എറണാകുളം പറവൂരില്‍ സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അമ്മായി അമ്മയെ കൊലപ്പെടുത്തിയ ശേഷം മകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര തുരുത്തിപ്പുറത്ത് കൊണ്ടോട്ടിവീട്ടില്‍ അംബികയാണ് ഭര്‍തൃമാതാവ് സരോജിനിയെ കൊലപ്പെടുത്തിയത്. വീട്ടില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്.
ഏതാനും നാളുകളായി വയോധികയായ അമ്മായി അമ്മയെ നോക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇന്നലെ രാത്രി 94കാരിയായ സരോജിനിയെ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. അതിന് ശേഷം ബെഡ്‌റൂമിനകത്ത് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
അംബിക എഴുതിവച്ച ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ സരോജിനിയുടെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കിയ പാടുകളും കണ്ടെത്തി
ചൊവ്വാഴ്ച രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. തൂങ്ങിമരിച്ച നിലയിലാണ് അംബികയെ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു സരോജിനിയുടെ മൃതദേഹം.
Post a Comment
0 Comments