കോഴിക്കോട്: രോഗിയുടെ കാല്‍മാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി. മാവൂര്‍ റോഡിലെ നാഷണല്‍ ആശുപത്രിയിലാണ് കാല്‍മാറി ശസ്ത്രക്രിയ നടന്നത്. കക്കോടി മക്കട 'നക്ഷത്ര'യില്‍ സജിന സുകുമാരനാണ് ശസ്ത്രക്രിയ നടന്നത്. ഇടതു കാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാനാണ് സജിന ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വാതിലിനിടയില്‍ കുടുങ്ങിയാണ് സജിനയ്ക്ക് ഇടതുകാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേറ്റത്. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. മാസങ്ങളായി മരുന്ന് കഴിച്ചിട്ടും വേദന മാറാത്തതിനെ തുടര്‍ന്നാണ് സജിന സ്വകാര്യ ആശുപത്രിയിലെത്തി സര്‍ജനെ കണ്ടത്. ഓര്‍ത്തോ സര്‍ജന്‍ ഡോ. ബഹിര്‍ഷാന്റെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ആദ്യം കാണിച്ചത്. നാഷണല്‍ ആശുപത്രിയിലും അദ്ദേഹം ചികിത്സിക്കുന്നുണ്ട്. ശസ്ത്രക്രിയക്കായി ഫെബ്രുവരി 20ാം തിയതിയാണ് ഇവിടെ പ്രവേശിപ്പിച്ചത്. 21ന് ശസ്ത്രക്രിയ കഴിഞ്ഞു. ബോധം വന്നപ്പോഴാണ് തനിക്ക് വേദനയുള്ള കാലിനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായതെന്ന് സജിന വ്യക്തമാക്കി.
അതേസമയം, എന്തു ശസ്ത്രക്രിയയാണ് വലതുകാലില്‍ ചെയ്തത് എന്നറിയില്ലെന്നും വലതുകാലിന് തനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും സജിന പറഞ്ഞു. ഇനി തനിക്ക് നടക്കാന്‍ കഴിയുമോയെന്നാണ് ഇവരുടെ ആശങ്ക. സംഭവത്തില്‍ ഡോക്ടര്‍ തങ്ങളോട് വീഴ്ച സമ്മതിച്ചതായും ഡോക്ടര്‍ക്കെതിരെ പൊലീസിലും ഡി.എം.ഒക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയെന്നും സജിനയുടെ ബന്ധുക്കള്‍ അറിയിച്ചു.
Post a Comment
0 Comments