മാണ്ഡ്യ: പ്രായം മുപ്പതു കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്താന്‍ കഴിയാതെ അലഞ്ഞുനടന്ന കുറച്ചു യുവാക്കള്‍ ആഗ്രഹ സഫലീകരണത്തിനായി ഒടുവില്‍ ഒരു വഴി കണ്ടെത്തിയിരിക്കുന്നു. പല ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവസാനം വിവാഹം നടക്കാന്‍ ദൈവത്തിന്റെ അനുഗ്രഹം തേടി ഒരു പദയാത്ര നടത്തനാണ് ഇവര്‍ തീരുമാനിച്ചത്.
കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് ചാമരാജനഗറിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് യുവാക്കളുടെ ബാച്ചിലേഴ്‌സ് പദയാത്ര സംഘടിപ്പിക്കുന്നത്. ഈ മാസം 23ന് ആരംഭിക്കുന്ന യാത്രയില്‍ പങ്കെടുക്കാനുള്ളവരുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. 200ഓളം പേര്‍ ഇതിനോടകം പദയാത്രയില്‍ പങ്കെടുക്കാന്‍ പേര് നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറെയും കര്‍ഷകരാണ്. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളില്‍ നിന്നുള്ള അവിവാഹിതരായ പുരുഷന്മാരും പ്രാദേശത്തെ യുവാക്കളും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 23ന് മദ്ദൂര്‍ താലൂക്കിലെ കെഎം ദൊഡ്ഡി ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസം കൊണ്ട് 105 കിലോമീറ്ററോളം താണ്ടി ഫെബ്രുവരി 25ന് എംഎം ഹില്‍സിലെത്തും. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമേ പദയാത്രയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. അനുയോജ്യരായ വധുവിനെ കണ്ടെത്താന്‍ കഴിയാത്ത യുവാക്കളെ പ്രചോദിപ്പിക്കാനാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകരിലൊരാളായ 34 കാരനായ കെ.എം ശിവപ്രസാദ് പറഞ്ഞു.
Post a Comment
0 Comments