കാസര്‍കോട്: മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ജില്ലാ പ്രതിനിധി സമ്മേളനവും വിവിധ പരിപാടികളും ഇന്ന് മുതല്‍ 22 വരെ നടക്കും. പതാകദിനം, വനിത സംഗമം, യുവജന വിദ്യാര്‍ഥി സംഗമം, തൊഴിലാളി സംഗമം, ടി.ഇ അബ്ദുല്ല അനുസ്മരണ സമ്മേളനം, പ്രതിനിധി സമ്മേളനം, പുതിയ കൗണ്‍സില്‍ യോഗം എന്നിവയാണ് വിവിധ ദിവസങ്ങളിലായി നടത്തുന്നത്.
സമ്മേളനങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും പതാക ഉയര്‍ത്തി പതാക ദിനമായി ആചരിക്കും. രണ്ടു മണിക്ക് കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പതാക ഉയര്‍ത്തും. 2.30ന് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ സംഗമവും ജില്ലാ കമ്മിറ്റി രൂപീകരണവും നടത്തും.
18ന് രാവിലെ 10 മണിക്ക് മുസ്‌ലിം ലീഗ് ജില്ലാ സമാപന പ്രവര്‍ത്തക സമിതി യോഗം ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേരും. 19ന് ഞായറാഴ്ച കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് യുവജന വിദ്യാര്‍ഥി സംഗമവും ഉച്ചക്ക് രണ്ടു മണിക്ക് തൊഴിലാളി സംഗമവും സംഘടിപ്പിക്കും. 21ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ടി.ഇ അബ്ദുല്ല അനുസ്മരണ സമ്മേളനവും 12 മണിക്ക് നിലവിലുള്ള ജില്ലാ കൗണ്‍സിലിന്റെ സമാപന പ്രതിനിധി സമ്മേളനവും നടക്കും. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംബന്ധിക്കും.
22ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പുതിയ കൗണ്‍സില്‍ യോഗം ചേരും. യോഗത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കും. ജില്ലാ തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ സി.പി ചെറിയമുഹമ്മദ്, സമിതി അംഗങ്ങളായ നജീബ് കാന്തപുരം എം.എല്‍.എ അഡ്വ. മുഹമ്മദ് ഷാ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കും.
Post a Comment
0 Comments