മഞ്ചേശ്വരം: ബൈക്കിലും കാറിലുമെത്തിയ സംഘം തോക്കു ചൂണ്ടി ഡ്രൈവര്‍മാരേ തള്ളിയിട്ട് രണ്ടു ലോറികള്‍ തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച വൈകിട്ടോടെ മഞ്ചേശ്വരം മിയാപ്പദവിലാണ് സംഭവം. ഒരു ആല്‍ട്ടോ കാറിലും ബൈക്കിലുമായി വന്ന ആറംഗ സംഘമാണ് തോക്ക് ചൂണ്ടി അക്രമണം കാട്ടിയത്. വിവരമറിഞ്ഞ മഞ്ചേശ്വരം പൊലീസ് ലോറി തട്ടിക്കൊണ്ടു പോയ കുരുടപ്പദവ് കൊമ്മംഗള ഭാഗത്തേക്ക് പിന്തുടര്‍ന്നു പോയി. കുരുടപ്പദവ് കൊമ്മംഗള എന്ന സ്ഥലത്തെത്തിയപ്പോള്‍ ലോറി ഉപേക്ഷിച്ച് കാറില്‍ നിന്നിറങ്ങിയ സംഘം പൊലീസിനൂ നേരെയും തോക്കു ചൂണ്ടി. അതിനിടെ അതിസാഹസികമായി പൊലീസ് സംഘം കൊള്ള സംഘത്തിലെ രണ്ടുപേരെ കീഴ്‌പ്പെടുത്തുകയായിരുന്നു.
സഫ്വാന്‍, രാകേഷ് കിഷോര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു പിസ്റ്റളും തിരകളും പൊലീസ് കണ്ടെടുത്തു. തട്ടിക്കൊണ്ടു പോയ രണ്ടു ലോറികളും പ്രതികള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. രാകേഷ് കിഷോര്‍ മുമ്പ് ആം ആക്ട് കേസുകളില്‍ കര്‍ണാടകയിലും കേരളത്തിലും പ്രതിയാണ്. കുറ്റകൃത്യത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന ക്രിമിനലുകളാണെന്നാണ് പൊലീസ് പറയുന്നത്. രാകേഷ് കിഷോര്‍ മുംബൈ സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ എഎസ്പി മുഹമ്മദ് നദീമുദ്ദീന്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ്, എസ്.ഐ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തും കര്‍ണാടകത്തിലും അന്വേഷണം നടത്തിവരുന്നു. കൂടാതെ മഞ്ചേശ്വരത്തും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെട്ടവരെയും പൊലീസ് തിരയുന്നു. പിടിയിലായ പ്രതികള്‍ക്ക് കുപ്രസിദ്ധ കുറ്റവാളിയായ രവി പൂജാരിയെ പോലുള്ളവരുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു.
Post a Comment
0 Comments