കാസര്‍കോട്: കൊല്ലം കനിയതോട് മുഖത്തല സ്വാദേശിനിയും കാസര്‍കോട് പെര്‍ള ഏല്‍ക്കാനയില്‍ താമസക്കാരിയുമായ നീതു കൃഷ്ണയെ (28) കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭര്‍ത്താവിനെ തിരുവനന്തപുരത്ത് പിടിയില്‍. വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആന്റോ സെബാസ്റ്റ്യനെ (40)യാണ് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ പൊലീസ് പിടികൂടിയത്.
തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് കുളിച്ച് ഒരുങ്ങി മുംബൈയിലേക്ക് ട്രെയിന്‍ കയറാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പ്രത്യേക സംഘം ലോഡ്ജിലെത്തി പൊക്കുകയായിരുന്നു. ഇയാളുമായി അന്വേഷണ സംഘം കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. പ്രാഥമികമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്നെയാണ് കൊലപാതകിയെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
അതിനിടെ നീതുവിന്റെ മരണം സംബന്ധിച്ചുള്ള പോസ്റ്റു മോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ സൂചിപ്പിക്കുന്നത്. പുറമെ മുറിവ് കാണാന്‍ ഇല്ലെങ്കിലും തലയോട്ടിക്കുള്ളില്‍ മാരകമായ ക്ഷതമേറ്റിട്ടുണ്ട്. എന്തെങ്കിലും ആയുധം വച്ച് അടിച്ചാലുണ്ടാകുന്ന ക്ഷതമാണ് ഇതെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ ഇവര്‍ താമസിച്ചുവന്നിരുന്ന പെര്‍ള ഏല്‍ക്കാന മഞ്ഞിക്കളയിലെ റബര്‍ തോട്ടത്തിന് അകത്തുള്ള നാലുകെട്ടുള്ള വീട്ടില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചുവന്നിരുന്ന ഭര്‍ത്താവായ ആന്റോ രക്ഷപ്പെട്ടിരുന്നു. ആദ്യം കോഴിക്കോട്ട് എത്തിയ ഇയാള്‍ പിന്നീട് എറണാകുളത്തും അവിടെ നിന്ന് തിരുവനന്തപുരത്തും എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ സെല്‍ സിഐ പ്രേംസദന്‍, ബദിയടുക്ക എസ്‌ഐ വിനോദ് കുമാര്‍, എസ്‌ഐ ബാലകൃഷ്ണന്‍, സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങി എട്ട് പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സൈബര്‍ സെലിന്റെ സഹായത്തോടെയാണ് പ്രതി എവിടെയെല്ലാം എത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
Post a Comment
0 Comments