അഗര്‍തല: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു. 60 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിന് വോട്ടെണ്ണും. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളും അന്തര്‍സംസ്ഥാന അതിര്‍ത്തികളും അടച്ചു. 22 വനിതകള്‍ ഉള്‍പ്പെടെ 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഭരണകക്ഷിയായ ബി.ജെ.പി 55 സീറ്റില്‍ മത്സരിക്കും. ബാക്കി ഐ.പി.എഫ്.ടിക്ക് നല്‍കിയിട്ടുണ്ട്. സി.പി.എം 43 സീറ്റിലും സഖ്യകക്ഷിയായ കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും. പ്രാദേശിക പാര്‍ട്ടിയായ ടിപ്ര മോത 42 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
തൃണമൂല്‍ 28 സീറ്റിലാണ് മത്സരിക്കുന്നത്. 2018ല്‍ ബി.ജെ.പി 36ലും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി എട്ട് സീറ്റിലും വിജയിച്ചു. സി.പി.എമ്മിന് 16 സീറ്റാണ് ലഭിച്ചത്. വികസനം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹികസുരക്ഷ, സ്ത്രീശാക്തീകരണം, പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കല്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍.
വമ്പിച്ച റാലികള്‍ക്കും റോഡ് ഷോകള്‍ക്കും വീടുതോറുമുള്ള പ്രചാരണത്തിനും ത്രിപുരയിലെ വോട്ടര്‍മാര്‍ സാക്ഷ്യംവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ എന്നിവരും ബി.ജെ.പി മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തി.
ഇടതുമുന്നണിക്കു വേണ്ടി മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവരെത്തി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജി, ടിപ്ര മോത തലവന്‍ പ്രദ്യുത് കിഷോര്‍ ദേബ്ബര്‍മ, കോണ്‍ഗ്രസ് നേതാവ് അധിര്‍ ചൗധരി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിര്‍ജിത് സിന്‍ഹ എന്നിവരും വിപുലമായ പ്രചാരണങ്ങള്‍ നടത്തി.
സമാധാനപരമായ വോട്ടെടുപ്പിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്ന് സംസ്ഥാന പൊലീസ് നോഡല്‍ ഓഫിസര്‍ ജി.എസ്. റാവു പറഞ്ഞു. 400 കമ്ബനി കേന്ദ്ര സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പുദിവസം കേന്ദ്ര സായുധ പൊലീസ് സേനയെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വിന്യസിക്കും.
Post a Comment
0 Comments