കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ എം. രമ (54)യുടെ പരാതിയില്‍ കോളജിലെ 60 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പ്രിന്‍സിപലിന്റെ പരാതിയില്‍ പേരെടുത്ത് പറഞ്ഞിട്ടുള്ള 10 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
കുടിവെള്ള പ്രശ്‌നത്തില്‍ പരാതി പറയാനെത്തിയ വിദ്യാര്‍ഥികളെ ചേംബറില്‍ പൂട്ടിയിട്ടെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ എം രമയെ ഘൊരാവോ ചെയ്തിരുന്നു. ഇതിനിടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ഉച്ചയ്ക്ക് പൊലീസ് സഹായത്തോടെ ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോകുന്ന സമയത്ത് വിദ്യാര്‍ഥികളില്‍ ചിലര്‍ വളഞ്ഞിട്ട് ദേഹോപദ്രവം ഏല്‍പിച്ചതായും പ്രിന്‍സിപല്‍ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 143, 147, 342, 323, 353, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, വിദ്യാര്‍ഥികളെ ചേംബറില്‍ പൂട്ടിയിട്ടെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എം രമയെ പദവിയില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Post a Comment
0 Comments