കാസര്‍കോട്: കൊല്ലം കൊട്ടിയം സ്വദേശി നീതു കൃഷ്ണന്‍ (30) ബദിയടുക്ക ഏല്‍ക്കാനയിലെ റബര്‍ എസ്റ്റേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകന്‍ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യന്‍ (40) പിടിയില്‍. ഇന്നലെ തിരുവനന്തപുരത്തെ ലോഡ്ജില്‍ നിന്നാണ് ബദിയഡുക്ക ഇന്‍സ്പെക്ടര്‍ പി.പ്രേംസദന്‍, എസ്.ഐ കെ.പി.വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
റബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗിനെത്തിയ ആന്റോക്കൊപ്പമായിരുന്നു നീതു താമസിച്ചിരുന്നത്. കൊലയ്ക്ക് ശേഷം രണ്ടു ദിവസം ഇയാള്‍ മൃതദേഹത്തിനരികെ കിടന്നുറങ്ങിയതായി പൊലീസ് പറഞ്ഞു. നീതുവിന്റെ കഴുത്തില്‍ കുരുക്കിട്ട് തല ചുമരില്‍ ഇടിച്ച് ബോധം കെടുത്തിയ പ്രതി പിന്നാലെ മറ്റൊരു കുരുക്ക് കൂടി ഇട്ട് കൈയും കാലും കെട്ടി പുറത്ത് കൊണ്ട് തള്ളാനായിരുന്നു നീക്കം. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കെട്ടിതൂക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
രണ്ടു ദിവസം മുമ്പ്് നീതു നാട്ടിലേക്ക് പോയെന്നാണ് ആന്റോ നാട്ടുകാരോട് പറഞ്ഞത്. മൃതദേഹം പഴകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോഴാണ് ആന്റോ വീട് പൂട്ടി കടന്നുകളഞ്ഞത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ചു കഴിയുന്നവരായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ പി. പ്രേംസദന്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്.
Post a Comment
0 Comments