അങ്കാറ: തുര്‍ക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ മരണസംഖ്യ മുപ്പത്തിമൂവായിരത്തിലേക്ക്. ഭൂകമ്പത്തില്‍ മരണം 50,000 കടന്നേക്കുമെന്ന് യുഎന്‍ ദുരിതാശ്വാസവിഭാഗം മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. ഞായറാഴ്ച തുര്‍ക്കിയില്‍ മരണസംഖ്യ 29,695 ആയി ഉയര്‍ന്നു. സിറിയയില്‍ സ്ഥിരീകരിച്ച മരണങ്ങളുടെ എണ്ണം 3,500 കവിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ദിവസവും രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മൃതദേഹം കണ്ടെടുക്കുന്നുണ്ട്.
ദുരന്തം നടന്നിട്ട് ഇത്രയും ദിവസമായ സാഹചര്യത്തില്‍ ഇനിയും കൂടുതല്‍പേരെ ജീവനോടെ രക്ഷിക്കുക ദുഷ്‌കരമാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ അത്ഭുതകരമായി ചിലരെ രക്ഷിക്കാനുമായി. തുര്‍ക്കിയില്‍മാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചതായാണ് യുഎന്‍ റിപോര്‍ട്ട്. തുര്‍ക്കിയിലും സിറിയയിലുമായി അടിയന്തരമായി 8.70 ലക്ഷം പേര്‍ക്ക് ഭക്ഷണം ആവശ്യമാണ്. സിറിയയില്‍മാത്രം 53 ലക്ഷം പേര്‍ ഭവനരഹിതരുമായി. ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Post a Comment
0 Comments