കണ്ണൂര്‍: സി.പി.എം നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും ആരോപണം ഉയര്‍ത്തിയും ശുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും, പടിയടച്ച് പിണ്ടംവെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നല്‍കിയ കമന്റിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയര്‍ത്തിയത്. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വെക്കലുമാണ് നേരിടേണ്ടി വന്നത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോള്‍ തുറന്നു പറയുന്നതെന്നും ആകാശ് തില്ലങ്കേരി പറയുന്നു.
ആകാശ് തില്ലങ്കേരി അനുകൂലികളും സി.പി.എം പ്രാദേശിക നേതാക്കളും തമ്മില്‍ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ തുടരുന്ന വാക്കുതര്‍ക്കത്തിനിടെയാണ് പുതിയ ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നത്. ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ നേതാവ് ഷാജര്‍ ട്രോഫി നല്‍കിയ സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
ഈ സംഭവം ഷാജറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആകാശ് തില്ലങ്കേരി നടത്തിയ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകള്‍ പുറത്തുവിട്ടതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആകാശ് തില്ലങ്കേരിയെ തള്ളി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിനിട്ട കമന്റിലൂടെയാണ് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
അതേസമയം, ആകാശ് തില്ലങ്കേരിയുടെ ആരോപണത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ നേതൃത്വത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം കത്ത് നല്‍കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കളെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരിയും അനുകൂലികളും ശ്രമിക്കുന്നത്. പുറത്ത് ഡി.വൈ.എഫ്.ഐ നേതാക്കളെന്ന തരത്തിലും അകത്ത് നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തരത്തിലുമാണ് ഇവരുടെ പ്രവര്‍ത്തനമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
Post a Comment
0 Comments