കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂരില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള യാത്രക്കിടെ ദേശീയപാതയില്‍ ചുടലയിലും പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലും വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കാസര്‍കോട് ചീമേനിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് ഉമേഷ് കാട്ടുകുളങ്ങരയെ കരുതല്‍ തടങ്കലിലാക്കി. കാസര്‍കോടിന് പുറമേ നാല് ജില്ലകളില്‍ നിന്നായി 911 പൊലീസുകാരെയും പതിനാല് ഡി.വൈ.എസ്.പിമാരെയും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സുദീപ് ജയിംസ്, വൈസ് പ്രസിഡണ്ട് വി. രാഹുല്‍, ജില്ലാ സെക്രട്ടറി മഹിത മോഹന്‍, രാഹുല്‍ പൂങ്കാവ്, സുധീഷ് വെള്ളച്ചാല്‍, മനോജ് കൈതപ്രം, വിജേഷ് മാട്ടൂല്‍, ജയ്‌സണ്‍ മാത്യു, സി.വി.വരുണ്‍ എന്നിവരാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഏഴുപേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
Post a Comment
0 Comments