കൊച്ചി: ഇന്ത്യന്‍ നിര്‍മിത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തില്‍ യുദ്ധവിമാനം വിജയകരമായി ഇറക്കി ചരിത്രനേട്ടം കൈവരിച്ച് നാവികസേന. വിമാനവാഹിനി കമ്മിഷന്‍ ചെയ്ത് അഞ്ചു മാസത്തിനകം അതില്‍ പോര്‍ വിമാനമിറക്കാന്‍ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. അമേരിക്കയെ ഇക്കാര്യത്തില്‍ ഇന്ത്യ കടത്തിവെട്ടി. അമേരിക്ക ആഭ്യന്തരമായി നിര്‍മിച്ച വിമാനവാഹിനിയില്‍ ഒരുവര്‍ഷത്തിന് ശേഷമാണ് യുദ്ധവിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയതെന്ന് നാവികസേന വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച വിക്രാന്ത് 2022 സെപ്തംബര്‍ രണ്ടിനാണ് കമ്മിഷന്‍ ചെയ്തത്.
കൊച്ചി പുറംകടലില്‍ സഞ്ചരിക്കുന്നതിനിടെയാണ് വിക്രാന്തില്‍ ഇന്നലെ ആദ്യമായി യുദ്ധവിമാനം ഇറങ്ങിയത്. സഞ്ചരിക്കുന്ന കപ്പലിലെ 200 മീറ്റര്‍ മാത്രമുള്ള റണ്‍വേയില്‍ നിശ്ചിതസ്ഥലത്ത് ഇറക്കുകയും തിരിച്ചുപറത്തുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമാക്കിയത്. മിഗ് 29 കെ എന്ന റഷ്യന്‍ നിര്‍മിത യുദ്ധവിമാനമാണിത്. 13 സെക്കന്‍ഡിനുള്ളിലാണ് വിമാനം ഇറക്കിയത്. ഇരട്ട എന്‍ജിനുള്ള വിമാനം മൂവായിരം കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതാണ്. വിക്രാന്ത് പുറംകടലില്‍ സഞ്ചരിച്ച് പരീക്ഷണങ്ങള്‍ തുടരുകയാണ്. മുമ്പ് ഹെലികോപ്ടറുകള്‍ ഇറക്കിയിരുന്നു.
Post a Comment
0 Comments