ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച ചെയ്ത 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. ഹേരൂര്‍ കണ്ടറപ്പാടിയിലെ പണിതീരാത്ത വീട്ടിനകത്താണ് സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടത്. കേസില്‍ അറസ്റ്റിലായ ഹേരൂരിലെ യക്ഷിതിനെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
കണ്ടറപ്പാടിയിലെ ആനന്ദന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് ബന്ധു കൂടിയായ യക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആനന്ദനും ഭാര്യയും രാവിലെ വീട് പൂട്ടി സമീപത്തെ ക്ഷേത്രത്തിലേക്ക് ഉത്സവത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ച.
സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് ആനന്ദനുണ്ടായിരുന്ന ദുഃഖത്തില്‍ പങ്കുചേര്‍ന്ന യക്ഷിത് മോഷ്ടാവിനെ എത്രയും വേഗം പിടികൂടാന്‍ താന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. കവര്‍ച്ച നടന്ന വീട് കാണിച്ചുകൊടുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതും യക്ഷിതായിരുന്നു. എന്നാല്‍ മോഷണത്തിന് പിന്നില്‍ യക്ഷിതാണെന്നത് സംബന്ധിച്ച ചില സൂചനകള്‍ കുമ്പള അഡീഷണല്‍ എസ്.ഐ രതീഷിന് ലഭിച്ചിരുന്നു.
ആനന്ദനും ഭാര്യയും ക്ഷേത്രത്തില്‍ പോയ സമയത്ത് ഇവരുടെ വീടിന് സമീപം യക്ഷിത് ചുറ്റിത്തിരിയുന്നത് കണ്ടതായി ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ യക്ഷിത് കുറ്റം സമ്മതിച്ചിരുന്നില്ല. പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത് താന്‍ തന്നെയാണെന്ന് യക്ഷിത് സമ്മതിച്ചത്.
Post a Comment
0 Comments