കാസര്‍കോട്: കഴിഞ്ഞ സെപ്റ്റംബറിലെ ഹര്‍ത്താല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ചു പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടി. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ജപ്തി നടപടി സ്വീകരിക്കാന്‍ റവന്യൂ റികവറി വിഭാഗത്തോട് ആവശ്യപ്പെട്ടത്. ജില്ലയില്‍ പോപുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമടക്കമുള്ളവയാണ് ജപ്തി ചെയ്തത്.
നായന്മാര്‍മൂല പെരുമ്പള പാലത്തിന് സമീപം പോപുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടമുള്‍പ്പടെ 7.48 സെന്റ് സ്ഥലം, അബ്ദുല്‍ സലാമിന്റെ പേരില്‍ നായന്മാര്‍മൂലയിലുള്ള വീടുള്‍പ്പെടെ 6.07 സെന്റ് സ്ഥലം, ഉമര്‍ ഫാറൂഖിന്റെ നായിമാര്‍മൂലയിലുള്ള 3.04 സെന്റ് സ്ഥലം, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റായിരുന്ന സിടി സുലൈമാന്റെ സൗത് തൃക്കരിപ്പൂര്‍ മൊട്ടമ്മലിലുള്ള വീടും പുരയിടവും ഉള്‍പെടെ 12 സെന്റ് സ്ഥലം, ചീമേനി കാക്കടവ് നങ്ങാരത്ത് സിറാജുദ്ദീന്റെ 1.04 ഏകര്‍ സ്ഥലം, മഞ്ചേശ്വരം മീഞ്ച മിയപദവിലെ മുഹമ്മദലിയുടെ പേരിലുള്ള 16 സെന്റ് വീടും സ്ഥലവും എന്നിവയാണ് കണ്ടുകെട്ടിയത്. കാസര്‍കോട് താലൂക്കില്‍ അഞ്ചിടത്തെയും ഹൊസ്ദുര്‍ഗ് താലൂക്കില്‍ രണ്ടിടത്തെയും മഞ്ചേശ്വരം താലൂക്കില്‍ ഒരിടത്തെയുമാണ് സ്വത്തുക്കള്‍ ജപ്തി ചെയ്തത്. നടപടിയെടുത്ത റിപോര്‍ട് തഹസില്‍ദാര്‍മാര്‍ റവന്യു റികവറി വിഭാഗം ഡെപ്യൂടി കലക്ടര്‍ മുഖേന കലക്ടര്‍ക്ക് കൈമാറി.
Post a Comment
0 Comments