പാലക്കാട്: കോഴിപ്പോരിനിടെ പിടികൂടിയ തൊണ്ടിമുതലായ പോരുകോഴികളെ പൊലീസ് സ്റ്റേഷനുമുന്നില്‍ ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നല്‍ റെയ്ഡില്‍ പിടികൂടിയ പോരുകോഴികളെ ചിറ്റൂര്‍ പൊലീസ് സ്റ്റേഷനുമുന്നിലാണ് ലേലം ചെയ്തത്. അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളായിരുന്നു ഇത്.
ചിറ്റൂര്‍ അത്തിക്കോടായിരുന്നു ലേലം നടന്നത്. വിവരമറിഞ്ഞത്തിയ പൊലീസ് രണ്ട് പ്രതികളെ പിടികൂടുകയും ഇവരില്‍ നിന്ന് രണ്ട് കോഴികളെയും ബൈക്കുകളെയും പിടിച്ചെടുക്കുകയുമായിരുന്നു. കോടതിയില്‍ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്തായിരുന്നു സ്റ്റേഷനില്‍ ലേലം നടത്തിയത്. രണ്ടു കോഴികള്‍ക്കും കൂടി 7750 രൂപ പൊലീസിന് ലഭിച്ചു.
ലേലത്തുക കോടതിയില്‍ കെട്ടിവയ്ക്കും. ചിറ്റൂര്‍ സ്വദേശികളായ കുമാര്‍, വിഷ്ണു എന്നിവരാണ് കോഴികളെ ലേലം വിളിച്ചെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ ഇടുക്കിയില്‍ ഒരു പൂവന്‍കോഴിയെ ലേലത്തില്‍ വിറ്റത് 13,300 രൂപയ്ക്കാണ്. ഇടുക്കിയിലെ നെടുംകണ്ടം പരിവര്‍ത്തനമേട് ക്ലബ് പുനരുജ്ജീവിപ്പിക്കാനായിരുന്നു ലേലം സംഘടിപ്പിച്ചത്. പത്ത് രൂപയില്‍ തുടങ്ങിയ ലേലം വിളി 13,300 രൂപയില്‍ എത്തുകയായിരുന്നു.
Post a Comment
0 Comments