കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷികളെ കാണാന്‍ സി.ബി.ഐ പബ്ലിക് പോസിക്യൂട്ടര്‍ ബോബി ജോസഫ് കല്ല്യോട്ടും കാഞ്ഞങ്ങാട്ടുമെത്തി. സാക്ഷികളുമായി സംസാരിച്ച് മൊഴികളില്‍ കൃത്യത വരുത്തി. ചില സാക്ഷികളെ കാഞ്ഞങ്ങാട് അതിഥി മന്ദിരത്തിലേക്ക് വിളിച്ചുവരുത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സംസാരിച്ചത്. കൊലപാതകം നടന്ന സ്ഥലവും സന്ദര്‍ശിച്ചു.
കേസിന്റെ വിചാരണ ഫെബ്രുവരി രണ്ടുമുതല്‍ എറണാകുളം സി.ബി.ഐ കോടതിയില്‍ ആരംഭിക്കും. അടുത്തിടെ സി.പി.എമ്മില്‍ ചേര്‍ന്ന കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരനാണ് പ്രതികള്‍ക്കായി കോടതിയില്‍ ഹാജരാകുന്നത്. 2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത 14പേരും സി.ബി.ഐ പ്രതിചേര്‍ത്ത 10പേരും ഉള്‍പ്പെടെ 14 പ്രതികളാണുള്ളത്. ഒന്നാംപ്രതി സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്‍ ഉള്‍പ്പെടെ 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുകയാണ്.
നാലു വര്‍ഷക്കാലമായി ജാമ്യം പോലും ലഭിക്കാതെ ഇവര്‍ ജയിലിലാണ്. ഒമ്പതാം പ്രതിയായ മുരളി തന്നിത്തോടിന് പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഒരുദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. പീതാംബരന്‍ അടക്കം 11 പ്രതികള്‍ ആദ്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉണ്ടായിരുന്നത്. പീതാംബരന് ജയിലിനു പുറത്ത് ആയുര്‍വേദ ചികിത്സ നല്‍കിയതിനെ ചൊല്ലി വിവാദമുയര്‍ന്നതോടെ 11 പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ് ഉള്‍പ്പെടെ സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ചുപ്രതികള്‍ കാക്കനാട് സബ് ജയില്‍ കഴിയുന്നു. ഇവര്‍ ഒന്നേകാല്‍ വര്‍ഷത്തോളമായി ജയിലിലാണ്.
പെരിയ ഇരട്ടക്കൊലക്കേസിലെ മറ്റു പ്രതികളായ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍, സി.പി.എം ഉദുമ മുന്‍ ഏരിയാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ. മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന എന്‍. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വിചാരണയുടെ ആദ്യദിവസം ഒന്നാം സാക്ഷി ശ്രീകുമാര്‍ കല്ല്യോട്ടിനെയും 104-ാം സാക്ഷി ബാബുരാജ് കല്ല്യോട്ടിനെയും വിസ്തരിക്കും. ഫെബ്രുവരി ഏഴിന് തുടര്‍ വിചാരണ നടക്കും. അന്ന് തൊട്ട് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍, മാതാവ് ലത, സഹോദരി അമൃത, കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, മാതാവ് ബാലാമണി, സഹോദരി കൃഷ്ണപ്രിയ തുടങ്ങിയവരെ വിസ്തരിച്ച് തുടങ്ങും.
Post a Comment
0 Comments