മംഗളൂരു (www.evisionnews.in): മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് കോളജിലും ഉഡുപ്പിയിലെ ഫ്‌ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ മംഗളൂരു നഗരത്തിലെ നാഗോരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്ഫോടനവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
കുക്കര്‍ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി ഷാരിഖിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ അറസ്റ്റിലായ മാസ് മുനീര്‍ മംഗളൂരുവിലെ കോളജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ രേഖകള്‍ ലഭിക്കാനായിരുന്നു കോളേജില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. മാസ് മുനീറുമായി അടുത്ത ബന്ധമുള്ള ഉഡുപ്പി സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥി റിയാന്‍ ഷെയ്ഖിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മാസ് മുനീറുമായി ഇയാള്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതായും ശിവമോഗയിലെ പുരാലെയ്ക്ക് സമീപം തുംഗ നദിക്കരയില്‍ പരീക്ഷണ സ്ഫോടനം നടത്തിയതായും എന്‍.ഐ.എ പറഞ്ഞു.
സയ്യിദ് യാസിന്‍, മാസ് മുനീര്‍, ഷാരിക് അഹമ്മദ് എന്നിവരെയാണ് ശിവമോഗ പരീക്ഷണ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. യാസിന്‍ ശിവമോഗയില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയപ്പോള്‍ മുനീര്‍ പ്രസ്തുത കോളജില്‍ അവസാന വര്‍ഷ എംടെക്കിന് പഠിക്കുകയായിരുന്നു. തീര്‍ത്ഥഹള്ളിയിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു ഷാരിഖ്. വിദ്യാര്‍ത്ഥി റിഹാന്‍ ഷെയ്ഖിന്റെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തി.
Post a Comment
0 Comments