മംഗളൂരു: യുവാവ് ഓടിച്ചുപോകുകയായിരുന്ന ബൈക്ക് പാലത്തില്‍ നിന്ന് തെന്നിനീങ്ങി നേത്രാവതി പുഴയിലേക്ക് മറിഞ്ഞു. ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. ബണ്ട്വാള്‍ താലൂക്കിലെ സജിപ സ്വദേശി രാജേഷ് പൂജാരി സ്ഥാനമനെ(36)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പാനെമംഗലൂര്‍ പഴയ പാലത്തിന് സമീപം നേത്രാവതി പുഴയിലാണ് രാജേഷ് പൂജാരിയുടെ മൃതദേഹം കണ്ടെത്തിയത്.
രാവിലെയാണ് പുഴയില്‍ ബൈക്ക് പൊങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി. അഗ്‌നിശമന സേനാംഗങ്ങളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
മുങ്ങല്‍ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാല്‍, മുഹമ്മദ്, ഹാരിസ്, ഇബ്രാഹിം കെ എന്നിവരാണ് മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ബുധനാഴ്ച രാത്രി രാജേഷ് പൂജാരി പാലത്തിലൂടെ ബൈക്കോടിച്ചുപോകുമ്പോള്‍ പുഴയില്‍ വീണതായാണ് സംശയിക്കുന്നത്. ബണ്ട്വാള്‍ സിറ്റി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post a Comment
0 Comments