ഹൈദരാബാദ്: 'ആറുമാസം മാത്രമേ ഇനി ഞാന്‍ ജീവിച്ചിരിക്കൂ. ഡോക്ടര്‍ ദയവുചെയ്ത് അച്ഛനോടും അമ്മയോടും ഇക്കാര്യം പറയരുത്' -അര്‍ബുദം ബാധിച്ച ആറുവയസുകാരന്റെ വാക്കുകളായിരുന്നു ഇത്. മാസങ്ങള്‍ പിന്നിട്ട്, ആറുവയസുകാരന്റെ മരണശേഷം ഡോക്ടര്‍ പങ്കുവച്ച വാക്കുകള്‍ ഹൃദയവേദനയോടെയല്ലാതെ വായിക്കാനാകില്ല.
ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാറാണ് തന്നെ കാണാനെത്തിയ അര്‍ബുദ രോഗിയായ ആറു വയസുകാരനെ കുറിച്ചും കുട്ടിയുടെ പ്രായത്തില്‍ കവിഞ്ഞ പക്വതയെ കുറിച്ചും ട്വിറ്ററില്‍ പങ്കുവച്ചത്. ഒമ്പതു മാസം മുമ്പാണ് ഒരു ദിവസം ദമ്പതിമാര്‍ ഡോക്ടറെ കാണാനെത്തിയത്. ഇവരുടെ മകന്‍ ആറ് വയസുകാരനായ മനു (യഥാര്‍ഥ പേരല്ല) റൂമിന് പുറത്തുണ്ടായിരുന്നു. 'മനുവിന് അര്‍ബുദമാണ്. അക്കാര്യം ഞങ്ങള്‍ അവനോട് പറഞ്ഞിട്ടില്ല. ഡോക്ടര്‍ മനുവിനെ കണ്ട് ചികിത്സകള്‍ നിര്‍ദേശിക്കണം. അസുഖത്തെ കുറിച്ച് അവനോട് വെളിപ്പെടുത്തരുത്'- ഇതായിരുന്നു അവരുടെ അഭ്യര്‍ഥന. ഡോക്ടര്‍ സമ്മതിച്ചു.
ഒരു വീല്‍ചെയറിലായിരുന്നു മനു വന്നത്. അപസ്മാരം വരാറുള്ളതിനാല്‍ ഓങ്കോളജിസ്റ്റാണ് ഇവിടേക്ക് അയച്ചത്. ഒരു ചിരിയോടെ അകത്തുവന്ന കുട്ടി അസാമാന്യ ധൈര്യവാനായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. മനുവിന്റെ ചികിത്സാരേഖകള്‍ പരിശോധിച്ചപ്പോള്‍ തലച്ചോറിനെ ബാധിച്ച മാരകമായ അര്‍ബുദമാണെന്ന് മനസിലായി. നാലാംഘട്ടത്തിലായിരുന്നു അസുഖം. അതിനാല്‍ മനുവിന്റെ വലത് കൈകാലുകള്‍ തളര്‍ന്നിരുന്നു. ശസ്ത്രക്രിയകളും കീമോതെറാപ്പിയും നടത്തിയിരുന്നു. തലച്ചോറിനെ ബാധിച്ചതുകൊണ്ടാണ് അപസ്മാരം വരുന്നത്. തുടര്‍ന്ന് രക്ഷിതാക്കളുമായി ഇതിനുള്ള ചികിത്സയെ കുറിച്ച് സംസാരിച്ചു.
അതിനിടെ, ഡോക്ടറോട് മാത്രമായി സംസാരിക്കണമെന്ന് മനു ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ പുറത്തുപോയതും മനു പറഞ്ഞുതുടങ്ങി -'ഡോക്ടര്‍, എന്റെ അസുഖത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാന്‍ ഐപാഡില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആറുമാസം കൂടി മാത്രമേ ഞാന്‍ ജീവിച്ചിരിക്കൂവെന്നും അറിയാം. എന്നാല്‍, ഞാനിത് അച്ഛനോടും അമ്മയോടും പറഞ്ഞിട്ടില്ല. എനിക്കറിയാമെന്ന് അറിഞ്ഞാല്‍ അവര്‍ക്ക് വിഷമമാകും. അവര്‍ എന്നെ ഏറെ സ്‌നേഹിക്കുന്നുണ്ട്. ഇക്കാര്യം അവരോട് പറയരുത്' -മനുവിന്റെ വാക്കുകള്‍ കേട്ട് ഏതാനും നിമിഷങ്ങള്‍ ഡോക്ടര്‍ സ്തബ്ധനായിനിന്നു. ഇക്കാര്യം അവരോട് പറയില്ലെന്ന് മനുവിന് വാക്കുനല്‍കി.
Post a Comment
0 Comments