ഹൈദരാബാദ്: ആവേശം നിറഞ്ഞുനിന്ന ഇന്ത്യ ന്യൂസിലന്റ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദില്‍ വന്‍കാണികള്‍ എത്തിയത് ചര്‍ച്ചയാകുന്നു. ശ്രീലങ്കയും ഇന്ത്യയും കളിച്ച കാര്യവട്ടത്ത് നടന്ന അവസാന ഏകദിന മത്സരത്തിലെ ഒഴിഞ്ഞ ഗ്യാലറിയും ഹൈദരാബാദിലെ നിറഞ്ഞ ഗ്യാലറികളും ചൂണ്ടിക്കാട്ടിയുള്ള താരതമ്യപഠനങ്ങളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ആകെയുള്ള 39,112 സീറ്റുകളില്‍ 75 ശതമാനം സീറ്റുകളിലും കാണികള്‍ എത്തിയിരുന്നു. 29,408 പേര്‍ ഹൈദരാബാദില്‍ ഇന്ത്യാ ന്യുസിലന്‍ഡ് മത്സരം കാണാന്‍ എത്തിതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 9695 കോംപ്ലിമെന്ററി ടിക്കറ്റുകളൊഴികെ 29417 ടിക്കറ്റുകളാണ് ഹൈദരാബാദ് ഏകദിനത്തിനായി വില്‍പനയ്ക്കു വച്ചത്. ഇതില്‍ മുക്കാല്‍ സീറ്റുകളും നിറയുകയും ചെയ്തിരുന്നു.
അതേസമയം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തില്‍ കാണാനെത്തിയത് 16,210 കാണികളാണ്. ഇത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു. കാര്യവട്ടത്തെ കളിക്ക് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധന ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ നിരക്കിനേക്കാള്‍ കൂടുതലായിരുന്നു ഹൈദരാബാദിലെ ടിക്കറ്റ് നിരക്ക് എന്നിട്ടും കാണികള്‍ തിരുവനന്തപുരത്തിനേക്കാള്‍ കൂടുതലായിരുന്നു എന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഹൈദരാബാദില്‍ 850 രൂപ മുതല്‍ 20,650 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 500 രൂപയായിരുന്നു തിരുവനന്തപുരത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. കാണികള്‍ കുറഞ്ഞതിന്റെ പേരില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും സംസ്ഥാന സര്‍ക്കാരും വിമര്‍ശനവും നേരിട്ടു. പാവപ്പെട്ടവര്‍ പണം മുടക്കി ക്രിക്കറ്റ് കാണേണ്ടതില്ലെന്ന മന്ത്രി നടത്തിയ വിവാദ പ്രസ്താവനയാണ് കാരണമെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തിരുന്നു.
Post a Comment
0 Comments