ജിദ്ദ: സൗദി എയര്‍ലൈന്‍സ്,ഫ്‌ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് നാലു ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് സന്ദര്‍ശന വിസ നല്‍കുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച മുതലാണ് പദ്ധതിക്ക് തുടക്കം. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈസേവനം ആരംഭിച്ചിരിക്കുന്നത്.
ഏതു ആവശ്യത്തിനും സൗദിയിലേക്ക് വിദേശികള്‍ക്ക് വരാന്‍ സൗകര്യമൊരുക്കുക, പ്രവേശന വിസ നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി. ഈ ഹ്രസകാല വിസയില്‍ വരുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കാനും വിനോദസഞ്ചാരം നടത്താനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
സൗദി എയര്‍ലൈന്‍സിന്റെയും ഫ്‌ലൈനാസിന്റെയും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ വിസക്ക് കൂടി അപേക്ഷിച്ച് നേടാന്‍ കഴിയുക. ഓണ്‍ലൈനില്‍ ആവശ്യമായ വിവരം പൂരിപ്പിച്ച് സമര്‍പ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകള്‍ക്കായുള്ള പോര്‍ട്ടലിലേക്കാണ് പോവുക. ഉടന്‍ തന്നെ വിസ ഇഷ്യൂ ചെയ്യുകയും ഇമെയില്‍ വഴി അപേക്ഷകന് അത് ലഭിക്കുകയും ചെയ്യും. 'വിഷന്‍ 2030' ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസ സേവനം സഹായിക്കുമെന്നാണ് കരുതുന്നത്.
ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രം (ഗ്ലോബല്‍ ഹബ്ബ്), യാത്രക്കാരെ ആകര്‍ഷിക്കുന്ന ട്രാന്‍സിസ്റ്റ് സ്റ്റേഷന്‍, ആഗോള വിനോദസഞ്ചാര കേന്ദ്രം എന്നീ നിലകളില്‍ സൗദിയുടെ സ്ഥാനം ആഗോള ഭൂപടത്തില്‍ വ്യതിരിക്തമായി അടയാളപ്പെടുത്താന്‍ ഇത് സഹായിക്കും. ആളുകള്‍ക്ക് പ്രയോജനകരമായി മാറുകയും ചെയ്യും. സന്ദര്‍ശനത്തിനുള്ള ഈ ഹ്രസ്വകാല ട്രാന്‍സിറ്റ് വിസ തീര്‍ത്തും സൗജന്യമാണ്. വിമാന ടിക്കറ്റിനൊപ്പം ഉടന്‍ ലഭിക്കും. വിസയുടെ സാധുത മൂന്ന് മാസമാണ്. അതായത് മൂന്ന് മാസത്തിനിടെ എപ്പോള്‍ വന്നാലും മതി. എന്നാല്‍ രാജ്യത്തെത്തിയാല്‍ നാല് ദിവസം മാത്രമേ ഇവിടെ തങ്ങാനാവൂ എന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
Post a Comment
0 Comments