കാസര്‍കോട്: അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം ഉള്ളില്‍ച്ചെന്നാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനെ അറിയിച്ചിരുന്നു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. വിഷാംശം കരളിനെ ബാധിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉള്ളില്‍ച്ചെന്നതായാണ് സൂചന. പോലീസ് നടത്തിയ പരിശോധനയിലും ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കണ്ടെത്തിയത്. എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയും ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്യുകയുള്ളൂ.
അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയ കാരണമല്ല വിഷം ഉള്ളില്‍ ചെന്നാണ് എന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പൊലീസ് കടന്നിരുന്നു. ഇന്നലെ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുത്തിരുന്നു. ആന്തരിക അവയവങ്ങളുടെ കെമിക്കല്‍ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഈ ഫലം വന്നതിന് ശേഷം കുടൂതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
Post a Comment
0 Comments