കാസര്‍കോട്: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച നാടന്‍ തോക്കും വെടിയുണ്ടകളും പിടികൂടി. സംഭവത്തില്‍ വീട്ടുകാരനും പിക് അപ് വാന്‍ ഡ്രൈവറുമായ യുവാവിനെ അറസ്റ്റു ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സതീശന്‍ എന്ന കെ.വി സതീഷ് (39) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആംസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മേല്‍പറമ്പ് സിഐ ടി ഉത്തംദാസ്, എസ്.ഐ വിജയന്‍ വികെ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കളയുടെ തട്ടിന്‍ മുകളില്‍ സൂക്ഷിച്ച നാടന്‍തോക്കും മൂന്ന് തിരകളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സിവില്‍ പൊലീസുകാരായ ഹിതേഷ്, ശ്രീജിത്ത്, പ്രശാന്തി, സക്കറിയ, രാമചന്ദ്രന്‍ നായര്‍ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
Post a Comment
0 Comments