Type Here to Get Search Results !

Bottom Ad

മൂന്നാം കിരീട ലക്ഷ്യവുമായി അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടം ഞായറാഴ്ച


ദോഹ: ലോകകപ്പ് കലാശപോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും നാളെ ഏറ്റുമുട്ടും. ഞായറാഴ്ച ഇന്ത്യന്‍ സമയം എട്ടരക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങുമ്പോള്‍ മൂന്നാം കിരീടമാണ് രണ്ടു ടീമുകളുടെയും ലക്ഷ്യം. ലോകകപ്പിലെ അവസാന രാത്രിയും അവസാന അങ്കവുമാണിത്.

ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം നില്‍ക്കുമ്പോള്‍ പ്രവചനം അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ഹൃദയംകൊണ്ട് പന്തുതട്ടുന്നവരാണ് അര്‍ജന്റീനക്കാര്‍. ഫ്രാന്‍സാകട്ടെ പ്രഫഷണല്‍ കളിയുടെ ആശാന്മാര്‍. വൈകാരികതയും പ്രായോഗികതയും തമ്മിലുള്ള ജീവന്മരണപ്പോരില്‍ ഈ രാത്രി ആര്‍ക്കുവേണ്ടിയാകും വിജയത്തിന്റെ സ്വര്‍ണത്തേര് ഒരുങ്ങുക? അതിനുത്തരം ലുസെയ്ല്‍ സ്റ്റേഡിയം നല്‍കും.

ഈകപ്പ് മെസിക്ക് വേണം. അതൊരു അതിമോഹമല്ല. മുപ്പത്തഞ്ചാംവയസില്‍ കൂടാരത്തിലേക്ക് മടങ്ങുമ്പോള്‍ മെസി അത് അര്‍ഹിക്കുന്നുണ്ട്. ഖത്തറിലേത് 'മെസി ലോകകപ്പ്' ആയി ചരിത്രം രേഖപ്പെടുത്തും. ആദ്യകളിയില്‍ സൗദി അറേബ്യയോട് തോറ്റ ടീമല്ല ഇപ്പോള്‍. ലയണല്‍ സ്‌കലോണി പരിശീലിപ്പിക്കുന്ന ടീം അടിമുടി മാറി. കളിയിലും സമീപനത്തിലും മാറ്റം. വിജയിക്കുന്ന സംഘമാണിന്ന്. ഗോള്‍കീപ്പര്‍ എമിലിയാനോമുതല്‍ മുന്നേറ്റക്കാരന്‍ ജൂലിയന്‍ അല്‍വാരസുവരെ ഫോമിലാണ്. പ്രതിരോധത്തില്‍ നിക്കോളാസ് ഒട്ടമന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും കോട്ട കാക്കുന്നു. കളി മെനയാന്‍ റോഡ്രിഗോ ഡിപോളും മക് അലിസ്റ്ററുമുണ്ട്. എയ്ഞ്ചല്‍ ഡി മരിയയും എണ്‍സോ ഫെര്‍ണാണ്ടസും മെസിക്ക് കൂട്ടാകും. എല്ലാറ്റിനുമപ്പുറം മെസിയുടെ ഇന്ദ്രജാലത്തിലാണ് സ്വര്‍ണക്കപ്പിരിക്കുന്നത്.

ഫ്രാന്‍സ് തേടുന്നത് തുടര്‍ച്ചയാണ്. ഇറ്റലിക്കും ബ്രസീലിനും മാത്രം സാധിച്ച നേട്ടം. കിരീടത്തുടര്‍ച്ചയ്ക്ക് ഫ്രാന്‍സ് അര്‍ഹരാണ്. അതിനുപറ്റിയ കളിസംഘമുണ്ട്. ദിദിയര്‍ ദെഷാം പോറ്റിവളര്‍ത്തിയ അസല്‍ പ്രഫഷണല്‍ സംഘം. ഇരുടീമുകളും 12 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറ് ജയം അര്‍ജന്റീനക്കായിരുന്നു. ഫ്രാന്‍സ് മൂന്നെണ്ണം ജയിച്ചു. മൂന്നെണ്ണം സമനിലയായി. ലോകകപ്പില്‍ മൂന്നുതവണ മുഖാമുഖം കണ്ടു. 2018ല്‍ ഫ്രാന്‍സ് 4-3ന് ജയിച്ചു. 1978ലും 1930ലും അര്‍ജന്റീനയ്ക്കായിരുന്നു വിജയം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad