കാസര്‍കോട്: തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശിയും ഭാര്യയും നാല് മക്കളും യമനിലേക്ക് പോയെന്നും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടോയെന്ന കാര്യം എന്‍ ഐഎ അന്വേഷിക്കുന്നുണ്ടെന്നുമുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരേ യുവാവ് തന്നെ രംഗത്തെത്തി. താന്‍ പഠനത്തിനായാണ് യമനില്‍ വന്നതെന്നും പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും ഉദിനൂര്‍ പരത്തിച്ചാലിലെ മുഹമ്മദ് ശബീര്‍ വ്യക്തമാക്കുന്ന വിഡിയോ സന്ദേശമാണ് കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്.
ദുബൈയില്‍ ഐ.ടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഷബീറും കുടുംബവും യമനിലേക്ക് പോയതിനു പിന്നാലെ ഐ.എസ് ബന്ധം അടക്കമുള്ള ആരോപണം ഉയരുകയും എഎന്‍ ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവത്തില്‍ വിശദീകരണവുമായി യുവാവ് തന്നെ എത്തിയത്. പോലീസിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചതായും യുവാവ് പറഞ്ഞു.
ഞാന്‍ ഒരു ദമ്മാജിലും പോയിട്ടില്ല. എനിക്ക് ദമ്മാജ് എന്നൊരു സംഗതി അറിയുകയുമില്ല. ഞാന്‍ ഇപ്പോള്‍ ഉള്ളത് ഇസ്ലാമിക് സ്റ്റഡീസില്‍ തുടര്‍ പഠനത്തിനായി തരീം എന്ന സ്ഥലത്തെ പ്രമുഖ കോളജായ ദാറുല്‍ മുസ്തഫയിലാണ്. ഓരോ ക്ലാസും ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം ഉള്ളതാണ്. എല്ലാവര്‍ക്കും ഓരോറോള്‍ മോഡല്‍ ഉണ്ടാകും. ചിലര്‍ക്ക് മെസ്സിയും റൊണാള്‍ഡോയുമാണെങ്കില്‍ എനിക്ക് ഹബീബ് ഉമര്‍ തങ്ങളാണ് റോള്‍മോഡല്‍. അദ്ദേഹത്തില്‍നിന്ന് സൂഫിസവും അറബിയും പഠിക്കാനാണ് എത്തിയത്. എനിക്ക് മറ്റു ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നുമില്ല. നിയമാനുസൃതം എന്റെ എല്ലാ രേഖകളും വളരെ ക്ലിയറാണ്. എന്‍ട്രി പെര്‍മിറ്റും വിസയും എല്ലാം എടുത്താണ് വന്നത്. അറിയിക്കേണ്ടവരെയെല്ലാം ഞാന്‍ അറിയിച്ചിട്ടുമുണ്ട്. ദുബൈയിലെ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന ഞാന്‍ നാലു മാസം മുമ്പാണ് യമനിലെ തരീമില്‍ വന്നത്. യമനില്‍ നിന്നുതന്നെ ജോലി ചെയ്യുകയും മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഞാന്‍ സ്ഥിരമായി ബന്ധുക്കളും സഹപ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്താറുണ്ട്. 15 വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ തന്നെയാണ് ഇപ്പോഴും എന്റെ പക്കല്‍ ഉള്ളത്. നിങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ചാല്‍ എന്നെ ലഭ്യമാകും. എന്ത് സംശയം ഉണ്ടെങ്കിലും എന്നെ വിളിച്ചാല്‍ എന്റെ രേഖകളെല്ലാം നിങ്ങള്‍ക്ക് പരിശോധിക്കാം. ദയവ് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. 25വര്‍ഷമായി വിധവയായി കഴിയുന്ന ഉമ്മയാണ് എനിക്കുള്ളത്. അവരെ വിഷമിപ്പിക്കരുത്. എന്നെക്കുറിച്ച് എനിക്ക് ആധിയില്ല, എന്റെ ഉമ്മയെയും കുടുംബത്തെയും പരിഗണിക്കണമെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. കുടുംബം യമനിലേക്ക് കടന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സഹോദരിയെയും സഹോദരീ ഭര്‍ത്താവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിവരം ആരാഞ്ഞിരുന്നു. കുടുംബത്തിന്റെ സമ്മത പ്രകാരം തുടര്‍ പഠനത്തിന് പോയതാണെന്നും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്.
സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംശയാസ്പദമായ ബന്ധങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഫയല്‍ ക്ലോസ് ചെയ്യുമെന്നും ചന്തേര പോലീസ് പറയുന്നു. മാധ്യമവാര്‍ത്തകളും ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളും മാത്രമാണ് തങ്ങള്‍ക്കറിയാവുന്നത്. എന്‍.ഐ.എ ചന്തേര പൊലീസിനെ ബന്ധപ്പെടുകയോ ചന്തേര പൊലീസ് ശബീറിന്റെ വീട് സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Post a Comment
0 Comments