സാവോപോളോ: ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. വ്യാഴം അര്‍ധരാത്രിയോടെയാണ് അന്ത്യം. 82 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു. ലോകകപ്പ് ആരവങ്ങള്‍ക്കിടെയായിരുന്നു പെലെയെ രോഗം കടന്നാക്രമിച്ചത്.
22 വര്‍ഷം ലോക ഫുട്‌ബോളിനെ വിസ്മയിപ്പിച്ച ഇതിഹാസമാണ് മറഞ്ഞത്. ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പുകള്‍ നേടി. 1958, 1962, 1970 ലോകകപ്പുകളില്‍ ബ്രസീല്‍ ചാമ്പ്യന്‍മാരായപ്പോള്‍ പെലെയായിരുന്നു താരം. 1957ല്‍ അരങ്ങേറി. 1971ലായിരുന്നു അവസാന രാജ്യാന്തര മത്സരം. രാജ്യത്തിനായി കളിച്ചത് 92 മത്സരങ്ങള്‍. 77 ഗോളടിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍. ഖത്തര്‍ ലോകകപ്പില്‍ നെയ്മര്‍ ആ നേട്ടത്തിനൊപ്പമെത്തി. ക്ലബ്ബ് ഫുട്‌ബോളില്‍ സാന്റോസിലായിരുന്നു ഏറെക്കാലം കളിച്ചത്. 1956 മുതല്‍ 1974വരെ 638 മത്സരങ്ങളില്‍ കളിച്ചു.
നേടിയത് 619 ഗോള്‍. രണ്ടായിരത്തില്‍ ഫിഫയുടെ നൂറ്റാണ്ടിന്റെ താരമായി. പ്രായത്തിന്റെ അവശതക്കൊപ്പം അവസാനകാലത്ത് കുടലിനെ ബാധിച്ച അര്‍ബുദം ആശുപത്രിവാസത്തിന് കാരണമായി. പരിശോധനയില്‍ കരളിലും ശ്വാസകോശത്തിലും മുഴകള്‍ കണ്ടെത്തിയിരുന്നു. ഒരുവര്‍ഷമായി ആശുപത്രിയും വീടുമായി കഴിയവേയാണ് മരണം.
Post a Comment
0 Comments