കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗിന്റെ ത്രിദിന സംസ്ഥാന സമ്മേളനം 28ന് കോഴിക്കോട് തുടങ്ങും. രാവിലെ 10.30ന് പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ഏഴു പ്രധാന സെഷനുകളിലായി 60ലേറെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ആദ്യ രണ്ടു ദിവസങ്ങളിൽ മുതലക്കുളം മൈതാനിയിൽ സജ്ജമാക്കുന്ന പി എം അബൂബക്കർ നഗറിലാണ് പരിപാടികൾ.
രോഹിത് വെമുല സ്ക്വയറിൽ, ‘യുവത: രാഷ്ട്രീയം, പോരാട്ടം’ എന്ന വിഷയം ചർച്ച ചെയ്യുന്ന യുവജന-വിദ്യാർഥി സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. വിവിധ യുവജന- വിദ്യാർഥി നേതാക്കൾ സംബന്ധിക്കും. സിനിമാതാരം ടൊവിനോ തോമസ് ലഹരി വിരുദ്ധ പ്രഖ്യാപനം നടത്തും. ഉച്ചക്കുശേഷം ഗൗരീ ലങ്കേഷ് സ്ക്വയറിൽ നടക്കുന്ന വനിതാ സിംപോസിയം കേരള വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവി ഉദ്ഘാടനം ചെയ്യും.
ഡിസംബർ 29ന് രാവിലെ 10.30ന് എം എ ലത്തീഫ് സാഹിബ് നഗറിൽ (അസ്മാ ടവർ) പാർട്ടി ദേശീയ കൗൺസിൽ യോഗം ചേരും. കേരളത്തിൽ നിന്ന് 10 പേരടക്കം 12 സംസ്ഥാനങ്ങളിൽനിന്നായി 65 പ്രതിനിധികൾ പങ്കെടുക്കും. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ വരുന്ന മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
രാവിലെ തന്നെ നടക്കുന്ന തൊഴിലാളി സമ്മേളനത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ‘ആഗോളവത്കരണ കാലത്തെ തൊഴിലാകളിൾ’ എന്ന വിഷയത്തിൽ ചർച്ച ചെയ്യും. ഉച്ചക്കു ശേഷം ചേരുന്ന ദേശീയ സെമിനാർ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. മന്തി അഡ്വ. ആൻറണി രാജു, ബിനോയ് വിശ്വം എം.പി, എം കെ രാഘവൻ എം.പി തുടങ്ങിയവർ ‘മതേതര ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തിൽ ചർച്ച നടത്തും.
വൈകീട്ട് ചേരുന്ന പ്രവാസി കുടുംബ സംഗമം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ .പി രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തും. 30ന് വൈകീട്ട് അഞ്ചിന് സേട്ട് സാഹിബ് നഗറിൽ (കോഴിക്കാട് ബീച്ച്) ചേരുന്ന മഹാ സമ്മേളനം ഐഎൻഎൽ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഉദ്ഘാടനംചെയ്യും. ഡിഎംകെ സെക്രട്ടറി കനിമൊഴി എം.പി മുഖ്യാതിഥിയായിരിക്കും. സമ്മേനത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി, ആരിഫ് എം.പി, മന്ത്രി എ കെ. ശശീന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, കെ ബി ഗണേഷ് കുമാർ, ഡോ. കെ ടി ജലീൽ എംഎൽഎ, കടന്നപ്പള്ളി രാമന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാകും.
Post a Comment
0 Comments